കര്‍ഷകരുടെ പ്രശ്‌നങ്ങള്‍: പ്രക്ഷോഭത്തിനൊരുങ്ങി കേരളാ കോണ്‍ഗ്രസ്-എം

കോട്ടയം: പ്രളയദുരിതത്തില്‍ നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ എം മാണി. കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്-എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമാണ്. ചെറുകിട കര്‍ഷകര്‍ എടുത്ത കടങ്ങള്‍ എഴുതിത്തള്ളണം.
തണ്ണീര്‍മുക്കം ബണ്ട് തുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. കസ്തൂരി രംഗന്‍ റിപോര്‍ട്ടിനെ തുടര്‍ന്നുള്ള കരടുരേഖയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണം. ഇക്കാര്യത്തില്‍ കേരളത്തിന്റെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണം. ജനവാസകേന്ദ്രങ്ങളെ അന്തിമ റിപോര്‍ട്ടില്‍ ഒഴിവാക്കണം. കുട്ടനാട്ടിലും മറ്റും വെള്ളം ഇറങ്ങുമ്പോള്‍ നശിച്ചുപോയ വീടുകള്‍ സര്‍ക്കാര്‍ പുനര്‍നിര്‍മിച്ചു നല്‍കണം. പ്രളയക്കെടുതി ഒഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് സര്‍വവും നഷ്ടപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുനരധിവാസ പാക്കേജിന് രൂപം നല്‍കണം.
സപ്തംബര്‍ 30നു മുമ്പ് എല്ലാ ജില്ലകളിലും പാര്‍ട്ടിയുടെ ജില്ലാ ക്യാംപുകള്‍ നടത്താന്‍ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. ഓരോ ജില്ലയിലുമുള്ള കാര്‍ഷിക പ്രശ്‌നങ്ങള്‍ ജില്ലാ ക്യാംപില്‍ പ്രത്യേകം ചര്‍ച്ച ചെയ്യും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് കര്‍ഷക പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുന്നതിന് 19 അംഗ ഉപസമിതിയെ തിരഞ്ഞെടുത്തു. കെ എം മാണി, പി ജെ  ജോസഫ്, സി എഫ് തോമസ്, ജോസ് കെ മാണി, ജോയി എബ്രഹാം, മോന്‍സ് ജോസഫ്തുടങ്ങിയവരാണ് ഉപസമിതി അംഗങ്ങള്‍.

RELATED STORIES

Share it
Top