കര്‍ഷകരുടെ പ്രതീക്ഷ കാത്ത് കല്ലയില്‍ 33 കെവി സബ് സ്റ്റേഷന്‍

കോട്ടയം: അപ്പര്‍ കുട്ടനാടന്‍ മേഖലയായ കല്ലറ പഞ്ചായത്തിലെ കാര്‍ഷിക മേഖലക്കു പുത്തനുണര്‍വു നല്‍കി 33 കെവി സബ് സ്റ്റേഷന്‍. തുടര്‍ച്ചയായ വൈദ്യുത മുടക്കവും വോള്‍ട്ടേജ് ക്ഷാമവും കല്ലറയിലെ ഏക്കറു കണക്കിനുള്ള കൃഷിയിടങ്ങളെ ബാധിച്ചിരുന്നു. സബ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ കാര്‍ഷിക മേഖലയിലെ തടസ്സങ്ങള്‍ക്ക് ഒരു പരിധി വരെ മാറ്റമുണ്ടായതായി കൃഷിക്കാര്‍ വ്യക്തമാക്കുന്നു. പാടശേഖരങ്ങളിലേക്കു കയറുന്ന വെള്ളം പമ്പ് ചെയ്തു നീക്കാനും കൂടാതെ കൃഷിയിടങ്ങള്‍ നനയ്ക്കാനും സബ് സ്റ്റേഷന്റെ സഹായത്തോടെ സാധിക്കുന്നു. 5.16 കോടി രൂപ ചിലവിലാണ് സബ് സ്‌റ്റേഷന്‍ നിര്‍മിച്ചത്.
പുത്തന്‍പള്ളി, ചാക്കിരിമുക്ക്, കല്ലറ ടൗണ്‍, കളമ്പുകാട്, പെരുംതുരുത്ത്, പറവന്‍തുരുത്ത്, മുല്ലമംഗലം, വെച്ചൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ സബ് സ്‌റ്റേഷനു കീഴിലുള്ളത്.
അപ്പര്‍ കുട്ടനാടന്‍ മേഖലയായ കല്ലറ പഞ്ചായത്തില്‍ മെച്ചപ്പെട്ട രീതിയിലും തടസ്സമില്ലാതെയും വൈദ്യുതി എത്തിക്കുന്നതിനു വേണ്ടിയാണ് 2005ല്‍ പദ്ധതി അനുവദിച്ചത്. എന്നാല്‍ സ്ഥലം ലഭിക്കാത്തതിനെ തുടര്‍ന്ന് പദ്ധതി നീണ്ടുപോയി.
ആദ്യഘട്ടത്തില്‍ അഞ്ചു എംവിഎയുടെ രണ്ടു ട്രാന്‍സ്‌ഫോര്‍മറാണ് സ്ഥാപിച്ചിട്ടുള്ളത്. കല്ലറയിലെ 33 കെവി സബ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക ഉദ്ഘാടനം അടുത്ത മാസം വൈദ്യുതി മന്ത്രി എം എ മണി നിര്‍വഹിക്കും.

RELATED STORIES

Share it
Top