കര്‍ഷകരില്‍ നിന്ന് സഹകരണ സംഘങ്ങള്‍ നെല്ലു സംഭരിക്കും

തിരുവനന്തപുരം: കര്‍ഷകരില്‍ നിന്നു സഹകരണസംഘങ്ങള്‍ നെല്ല് സംഭരിച്ച് മായം കലരാത്ത നല്ല അരിയാക്കി പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്ന സമ്പ്രദായം സംസ്ഥാനത്ത് സ്ഥിരമായി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പാലക്കാട് ജില്ലയിലെ കര്‍ഷകരില്‍ നിന്ന് നെല്ലു സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പ്രാവശ്യം 26,000 കര്‍ഷകര്‍ക്കാണ്  ഈ സംവിധാനം പ്രയോജനപ്പെട്ടതെങ്കി ല്‍ ഇത്തവണ 78,000 കര്‍ഷകര്‍ക്ക് ഇതു ഗുണകരമാവുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി എ കെ ബാലന്‍ പറഞ്ഞു. യാതൊരു കാരണവശാലും കര്‍ഷകരുടെ നെല്ല് പാടത്തു കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാവരുതെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. സംഭരണവില സമയബന്ധിതമായി സഹകരണ സംഘങ്ങള്‍ കര്‍ഷകര്‍ക്കു നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നെല്ലു സംഭരണത്തിനാവശ്യമായ ഗോഡൗണ്‍ സൗകര്യം ഉറപ്പാക്കാനും നെല്ല് അരിയാക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ മില്ലുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് മില്ലുടമകളുമായി ഉടമ്പടിയിലെത്താനും ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തി. നെല്ലു സംഭരണം സംബന്ധിച്ച വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് ആവശ്യമായ തീരുമാനമെടുക്കുന്നതിന് ജില്ലാ കലക്ടര്‍ ചെയര്‍മാനും സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കണ്‍വീനറും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, ജില്ലാ സപ്ലൈ ഓഫിസര്‍, സിവില്‍ സപ്ലൈസ് റീജ്യനല്‍ മാനേജര്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ എന്നിവര്‍ അംഗങ്ങളുമായി സ്ഥിരം സംവിധാനം രൂപീകരിക്കും. സംഭരണവില യഥാസമയം കര്‍ഷകരിലെത്തിക്കുന്നതിന് ജില്ലാ ബാങ്കിന്റെ നേതൃത്വത്തില്‍ 200 കോടി രൂപയുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ സഹകരണ ജോയിന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തി.

RELATED STORIES

Share it
Top