കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച് രണ്ടുവര്‍ഷം പിന്നിട്ടിട്ടും നീതി ലഭിക്കുന്നില്ലെന്ന് പരാതി

എടക്കര: കൃഷിയിടത്തിലെ അനധികൃത വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റ് യുവകര്‍ഷകന്‍ മരിച്ച സംഭവത്തില്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും കുടുംബത്തിന് നീതി ലഭിച്ചില്ല. വഴിക്കടവ് മാമാങ്കരയിലെ കോയിക്കര മാത്യുവിന്റെ കുടുംബമാണ് നീതിനിഷേധത്തിന്റെ ഇരകളായി മാറിയിരിക്കുന്നത്. 19-02-2016 നാണ് യുവകര്‍ഷകനായ മാത്യു വീടിന് സമീപമുള്ള കൃഷിയിടത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്.
കൃഷിയിടം നനയ്ക്കുന്നതിനായി പോയ മാത്യു മൃഗവേട്ട സംഘം ഒരുക്കിയ അനധികൃത വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റ് മരിക്കുകയായിരുന്നു. പ്രദേശവാസികളായ രണ്ട് പേരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു. തുടക്കത്തില്‍ വഴിക്കടവ് പോലിസാണ് അനേ്വഷണം നടത്തിയത്. എന്നാല്‍ തെളിവുകളില്ലാത്തതിനാല്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് തയ്യാറായില്ല. വിവിദമായപ്പോള്‍ രണ്ട് രാഷ്ട്രീയ കക്ഷികള്‍ ഇടപെട്ട് രണ്ട് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം നേടിക്കൊടുക്കുകയും, ഇവരെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കേസനേ്വഷണം കാര്യക്ഷമമല്ലത്ത സാഹചര്യത്തില്‍ മാത്യുവിന്റെ ഭാര്യ ജാന്‍സി മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അനേ്വഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ക്രൈംബ്രാഞ്ച് അനേ്വഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാനായില്ല. തെളിവുകളും സാക്ഷികളുമില്ലാത്തതാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിന് പിന്നിലെന്നാണ് പോലിസ് പറയുന്നത്. ഇക്കാരണത്താല്‍ വൈദ്യുതി വകുപ്പില്‍ നിന്നും ലഭിക്കേണ്ട നഷ്ടപരിഹാരം പോലും ഈ കുടുംബത്തിന് നിഷേധിക്കപ്പെട്ടു. സംഭവത്തിന് ശേഷം കുറെക്കാലം ഒളിവില്‍പോയ പ്രതികള്‍ വീണ്ടും നാട്ടില്‍ സൈര്വവിഹാരം നടത്തന്നുണ്ട്.  കൂലിവേലക്കാരനായ മാത്യുവിനെ ആ്രശയിച്ചായിരുന്നു വൃദ്ധ മാതാപിതാക്കളും, ഭാര്യയും രണ്ട് മക്കളും കഴിഞ്ഞിരുന്നത്. മാത്യുവിന്റെ മരണത്തോടെ കുടുംബം ദുരിതത്തിലായി. ജാന്‍സി ജോലിയെടുത്താണ് കുട്ടികളുടെ വിദ്യാഭ്യാസം പോലും നടത്തുന്നത്. നീതിനിഷേധത്തിനെതിരെ ജാന്‍സി മുട്ടാത്ത വാതിലുകളില്ല. പ്രതികളായവര്‍ കണ്‍മുന്നില്‍ നില്‍ക്കെ നിയമവ്യവസ്ഥയും മാത്യുവിന്റെ കുടുംബത്തോട് നീതി പുലര്‍ത്തിയില്ല.

RELATED STORIES

Share it
Top