കര്‍ശന പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരൂരങ്ങാടി:  പുതുവല്‍സര ആഘോഷത്തിമര്‍പ്പില്‍ ഉണ്ടാവുന്ന വാഹനാപകടങ്ങള്‍ മുന്നില്‍കണ്ട് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി.വാഹന പരിശോധന കര്‍ശനമാക്കണമെന്ന ദക്ഷിണമേഖല ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 30, 31, തിയ്യതികളില്‍ ദേശീയപാത, പ്രധാന നഗരങ്ങള്‍, എന്നിവ കേന്ദ്രീകരിച്ച് മോട്ടോര്‍വാഹനവകുപ്പ് രാത്രികാല പരിശോധന നടത്തും. മദ്യപിച്ചുള്ള ഡ്രൈവിങ്, ഡ്രൈവിങിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം, അമിതവേഗത, മൂന്നുപേരെ കയറ്റിയുള്ള മോട്ടോര്‍ സൈക്കിള്‍ യാത്ര, സിഗ്‌നല്‍ ലംഘനം എന്നീ കുറ്റങ്ങള്‍ക്ക് പിഴക്ക് പുറമേ ലൈസന്‍സ് റദ്ദ് ചെയ്യും. രൂപമാറ്റം നടത്തിയ വാഹനങ്ങള്‍, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയില്‍ സൈലന്‍സര്‍ മാറ്റിയ വാഹനങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഡ്രൈവിങിനെ ബാധിക്കുന്ന രീതിയില്‍ വിവിധ വര്‍ണ ലൈറ്റുകളുടെ ദുരുപയോഗവും കര്‍ശനമായി തടയും. ശബരിമല തീര്‍ത്ഥാടനം മുന്‍നിര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തും. മണ്ഡലകാലത്തെ പരിശോധനയില്‍ റോഡ് തടസ്സപ്പെടുത്തുന്ന വാഹനങ്ങള്‍ക്കെതിരെയും റോഡ് കൈയേറി നടത്തുന്ന വര്‍ക്കുഷോപ്പുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു വരികയാണ്. ഈ കാലയളവില്‍ ‘ഓപറേഷന്‍ സുരക്ഷ’ മുന്‍നിര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇതിനകം നൂറിലധികം ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. സമയക്രമം പാലിക്കാതെ സര്‍വീസ് നടത്തിയ പതിനാറ് ടിപ്പര്‍ ലോറികള്‍ക്കെതിരെയും സൈലന്‍സര്‍ രൂപമാറ്റം വരുത്തിയ 22 ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍, നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ വാഹനങ്ങള്‍, എയര്‍ഹോണ്‍ ഘടിപ്പിച്ച വാഹനങ്ങള്‍, അനധികൃത ടാക്‌സി സര്‍വീസ്, ലൈസന്‍സില്ലാത്ത കുട്ടി ഡ്രൈവര്‍മാര്‍ തുടങ്ങി മുന്നൂറിലധികം വാഹനങ്ങളില്‍ നിന്നായി മൂന്ന് ലക്ഷത്തിലധികം രൂപ പിഴയിനത്തില്‍ ഈടാക്കിയിട്ടുണ്ട്. തൃശ്ശൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ശരവണന്‍, മലപ്പുറം ആര്‍ടിഒ കെ സി മണി എന്നിവരുടെ മേല്‍നോട്ടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ എം പി അബ്ദുല്‍ സുബൈര്‍, എഎംവിഐമാരായ പി കെ മുഹമ്മദ് ഷഫീക്ക്, എം ഐ ആരിഫ്, വി സ് ബിജു എന്നിവരടങ്ങിയ സ്‌ക്വാഡാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

RELATED STORIES

Share it
Top