കര്‍പ്പൂരദീപമായി കത്തിയെരിയുമ്പോളവള്‍...

വെട്ടും തിരുത്തും - പി എ എം ഹനീഫ്
ജമ്മുകശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ കാട്ടുപൂച്ച കുഞ്ഞു മൂഷികനെ എന്നു താരതമ്യപ്പെടുത്തുമാറ് കടിച്ചുകീറി വലിച്ചെറിഞ്ഞ അതീവ ദാരുണ സംഭവം ആരിലും കഠിന ക്ഷോഭം സൃഷ്ടിക്കുന്നതാണ്. ഗ്രാമക്ഷേത്രത്തില്‍ കുട്ടിയെ ബലമായി ശ്രീകോവിലിന്റെ തൂണുകളിലൊന്നില്‍ ബന്ധനസ്ഥയാക്കി മയക്കുമരുന്നു നല്‍കി ആറു ഭക്തോത്തമ പശങ്കങ്ങള്‍ തങ്ങളുടെ കാമാര്‍ത്തി തീര്‍ക്കുകയായിരുന്നു. ദേവി കണ്ണുപൊത്തി തിരിഞ്ഞിരുന്നു കാണണം.
ഇത് ഒരൊറ്റപ്പെട്ട സംഭവമല്ല. കശ്മീര്‍ വരെ പോവാതെ തന്നെ നമുക്കു ബോധ്യമാവുന്ന ചില നഗ്നസത്യങ്ങളുണ്ട്. നൈവേദ്യ പായസം പാകമാക്കുന്ന ഓട്ടുരുളിയില്‍ ഓംലറ്റ് പാകം ചെയ്ത് മുഖ്യ പൂജാരിമാരുടെ സഹസംവിധായകര്‍ കുപ്പി പൊട്ടിച്ചു എന്നതു വരെ മാത്രമേ പുറത്തുവന്നിട്ടുള്ളൂ.
മിക്ക ക്ഷേത്രങ്ങളിലും പെണ്‍കുട്ടികള്‍ മാലകെട്ടാനും പൂപറിക്കാനും നിവേദ്യപാത്രങ്ങള്‍ തൊട്ടശുദ്ധമാക്കാതെ ക്ലീന്‍ ചെയ്യാനും സൂര്യനുദിക്കും മുമ്പേ തമ്പടിക്കാറുണ്ട്. പാരമ്പര്യമായി ചിലര്‍ 'ദേവദാസി'കളെപ്പോലെ എന്തിനും വഴങ്ങി ഭഗവദ്പ്രീതിക്കായി സകലതും സമര്‍പ്പിക്കുന്ന എത്രയോ സംഭവങ്ങള്‍. നിര്‍മാല്യം സിനിമ തന്നെ ഒരു പെണ്‍കുട്ടി നൈവേദ്യച്ചോറുണ്ടാക്കുന്നിടത്ത് നിഷ്‌കളങ്കനായ പൂജാരിക്കു വേണ്ടി പ്രേമം മൂത്ത് വഴങ്ങുന്നത് വലിയൊരു ഭക്തനും അതിലേറെ വിശ്വാസിയുമായ എംടി മാലോകരെ ബോധ്യപ്പെടുത്തിയതാണ്.
ഇന്ന ക്ഷേത്രത്തില്‍ ഇന്ന ലമ്പടന്‍ എന്നൊന്നും വിസ്തരിച്ചു വിശദീകരിക്കേണ്ടതില്ല. ഹിന്ദു സഹോദരങ്ങള്‍ക്ക് പകല്‍പോലെ വ്യക്തമാണ് ഓരോ ക്ഷേത്രത്തെ ചുറ്റിപ്പറ്റി ബദരീനാഥം തൊട്ട് കളിയിക്കാവിള മാര്‍ത്താണ്ഡം ക്ഷേത്രം വരെ നടക്കുന്ന പീഡനങ്ങള്‍. 'ഞങ്ങടെ പൂജാരി ഞങ്ങടെ കുട്ട്യോളെ പൂശിയാല്‍ ങ്ങക്കെന്താ ബ്യാര്യോളെ' എന്നൊരു മുദ്രാവാക്യം തന്നെ കര്‍ണാടകയിലെ ക്ഷേത്രനഗരങ്ങളിലൊന്നില്‍ ഞാന്‍ കേട്ടിട്ടുണ്ട്. ദേവസ്വം ബോര്‍ഡും ഹിന്ദുമത സേവാസംഘങ്ങളും രാജ്യമെമ്പാടും വേണ്ടത്രയുണ്ട്. കൊള്ളയും കൈയിട്ടുവാരലും നിത്യസംഭവങ്ങളാണു താനും. പന്തളം ഭാഗത്തെ ഒരു തന്ത്രിപ്രമുഖന്‍ കേസില്‍ കുടുങ്ങിയതും പൂര്‍ണ നഗ്നനായി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടതും നാടാകെ തുയിലുണര്‍ത്തിയ സംഭവമാണ്.
കശ്മീരിലെ ഉമ്മയ്ക്ക് മകള്‍ നഷ്ടമായി. സാമ്പത്തിക സഹായങ്ങളും ആശ്വാസവചനങ്ങളും ആ ഉമ്മയെ സംതൃപ്തയാക്കില്ല. ബിജെപി നേതാക്കള്‍ സൗമ്യമനസ്‌കരായാണു പ്രശ്‌നത്തെ നേരിടുന്നത്. ഒരു രാക്ഷസന്‍ ആ പിഞ്ചുകുഞ്ഞിനെതിരേ 'ഇവളെയെല്ലാം ഇപ്പഴേ കൊന്നതു നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യെക്കതിരേ തന്നെ ബോംബ് ആയി വന്നേനെ' എന്നു പ്രതികരിക്കുന്നു. പുസ്തകമേളയും കാവ്യനിശയും നടത്തുന്ന അധമസംസ്‌കൃതിക്കാരനാണ് ഈ കമന്റിട്ടത്.
ഒരു മുസ്‌ലിം പെണ്‍കുഞ്ഞിന്റെ പിഞ്ചുദേഹം ചവച്ചരച്ചു വലിച്ചെറിഞ്ഞു എന്നതു മാത്രമല്ല, കേന്ദ്രഭരണാധികാരികള്‍ സംഭവത്തോടു പ്രതികരിച്ച രീതികളാണു നടുക്കമുളവാക്കുന്നത്. ഇത്തരം ഭരണാധികാരികള്‍ വരുംവര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഇന്ദ്രപ്രസ്ഥത്തില്‍ കുത്തിയിരിക്കുമെങ്കില്‍ മുസ്‌ലിമിനു മാത്രമല്ല, നാട്ടിലെ സ്ത്രീലിംഗത്തില്‍പ്പെട്ട കോഴിക്കും പശുവിനുമൊന്നും രക്ഷയുണ്ടാവില്ല. ഉളുപ്പില്ലാതെ ലഭിക്കുന്ന കള്ളക്കാശും അധികാരപിന്‍ബലവുമാവുമ്പോള്‍ ആര്‍ക്കും എന്തുമാവാമെന്ന അവസ്ഥയുണ്ടാവും. സംഘപരിവാര പ്രഭൃതികള്‍ അധികാരം കൈയാളിയതിനുശേഷം എത്രയെത്ര നിഷ്ഠുര പാതകങ്ങളാണ് അരങ്ങേറിയത്. പരസ്യമായി നടുറോഡില്‍ തല്ലിക്കൊല്ലുന്നു. ഇന്ദ്രപ്രസ്ഥത്തിലെ ഒളിത്താവളങ്ങളില്‍ എന്തെന്തു പെണ്‍കുട്ടികള്‍ കശക്കിയെറിയപ്പെടുന്നില്ല. ജനം മൊത്തത്തില്‍ ജാഗ്രത്താവാന്‍ ഇനി വൈകിക്കൂടാ.
ഇരുട്ടിനെ കീറിമുറിച്ച്, ആ കശ്മീരി പെണ്‍കുട്ടിയുടെ ദുരന്തത്തില്‍ ഉള്ളുപൊള്ളി 'ഇനി കവിത എനിക്കു വേണ്ട' എന്ന അര്‍ഥത്തില്‍ കെ ആര്‍ ടോണി എഫ്ബിയില്‍ പ്രതികരിച്ചുകണ്ടു. തന്റെ പുസ്തകങ്ങളുടെ മൊത്തം റോയല്‍റ്റി പ്രസാധകനു കൈമാറി അഞ്ചുലക്ഷം രൂപയെങ്കിലും കിട്ടാനുള്ളത് ആ കുഞ്ഞിന്റെ കഠ്‌വയിലുള്ള അമ്മയ്ക്കു നല്‍കണമെന്നും കവി കെ ആര്‍ ടോണി സോഷ്യല്‍ മീഡിയയിലൂടെ പ്രസാധകനോട് ആവശ്യപ്പെട്ടു.
അഞ്ചുലക്ഷംകൊണ്ടോ കോടികള്‍കൊണ്ടോ തൂത്തുമാറ്റാവുന്ന കെട്ടനീതിയാണോ കഠ്‌വയില്‍ അരങ്ങേറിയത്. കഠ്‌വയില്‍ മുസ്‌ലിം പെണ്‍കുട്ടി. ഓരോ ക്ഷേത്ര തിടപ്പള്ളിയിലും എന്തിന് ശ്രീകോവിലില്‍ പോലും കാമഭ്രാന്തന്മാര്‍ പൂണൂല്‍ ചെവിയില്‍ തിരുകി എന്തെന്ത് അധമകൃത്യങ്ങളാണ് നിത്യേന ചെയ്തുകൂട്ടുന്നത്. ഹോ! പെണ്‍കുട്ടികളുള്ള രക്ഷിതാക്കള്‍ ഇന്നത്തെ ഇന്ത്യയില്‍ ഉറങ്ങാറേ ഇല്ല എന്നതെത്ര ശരി!                                              ി

RELATED STORIES

Share it
Top