കര്‍ദിനാള്‍ വിശ്വാസവഞ്ചന നടത്തി: എഫ്‌ഐആര്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രണ്ടു വൈദികര്‍, ഇടനിലക്കാരന്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
27 കോടിയിലധികം രൂപയ്ക്കു വില്‍ക്കണമെന്ന് നിര്‍ദേശിച്ച സ്വത്ത് പ്രതികള്‍ അതിരൂപതയെ വഞ്ചിച്ച് 13.51 കോടി രൂപയ്ക്കു വിറ്റെന്ന് പോലിസ് എഫ്‌ഐആറില്‍ പറയുന്നു. 120ബി, 406, 415 വകുപ്പുകള്‍ പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെ യഥാക്രമം ഒന്നു മുതല്‍ നാലു വരെ പ്രതികളാക്കി കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസിന്റെ ഹരജിയില്‍ ഹൈക്കോടതി ഉത്തരവുപ്രകാരമാണ് കേസെടുത്തത്.
പരാതിക്കാരനായ ഷൈന്‍ വര്‍ഗീസ് അംഗമായ എറണാകുളം-അങ്കമാലി അതിരൂപതയെ വഞ്ചിച്ച് പ്രതികള്‍ സഭയുടെ ഉടമസ്ഥതയിലുള്ള 301.76 സെന്റ് സ്ഥലമാണ് വിറ്റത്. സെന്റിന് ഒമ്പത് ലക്ഷം രൂപയാണ് അഞ്ചിടങ്ങളിലായി കിടക്കുന്ന ഈ സ്ഥലത്തിന് വില നിശ്ചയിച്ചിരുന്നത്. 27,15,84,000 രൂപയ്ക്ക് വില്‍ക്കണമെന്ന സഭയുടെ തീരുമാനത്തിനു വിരുദ്ധമായി 2016 ജൂലൈ ആറിനും 2017 സപ്തംബര്‍ അഞ്ചിനും ഇടയിലായി പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തി ഈ സ്ഥലങ്ങള്‍ 36 യൂനിറ്റുകളാക്കി 13,51,44,260 രൂപയ്ക്ക് വില്‍പന നടത്തിയെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസിലെ പരാതിക്കാരനില്‍ നിന്നു പോലിസ് ഇന്നലെ വിശദമായ മൊഴിയും രേഖപ്പെടുത്തി.
അതേസമയം, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ദിവസങ്ങള്‍ക്കുള്ളില്‍ സിറോ മലബാര്‍ സഭ സമ്പൂര്‍ണ സിനഡ് ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ജനുവരിയില്‍ സമ്പൂര്‍ണ സിനഡ് ചേര്‍ന്നിരുന്നു. വിഷയം കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് വീണ്ടും സമ്പൂര്‍ണ സിനഡ് ചേരാന്‍ തീരുമാനമെടുത്തിരിക്കുന്നത്.
അതേസമയം, കര്‍ദിനാളിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തെ അനുകൂലിക്കുന്ന വിശ്വാസികളുടെയും വൈദികരുടെയും നേതൃത്വത്തില്‍ ഇന്നു ഹൈക്കോടതി ജങ്ഷനു സമീപം യോഗം ചേരുന്നുണ്ട്.

RELATED STORIES

Share it
Top