കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരായ കുപ്രചാരണം അവസാനിപ്പിക്കണം: അല്‍മായ ഫോറം

കോട്ടയം: ഭൂമി ഇടപാട് വിവാദത്തിന്റെ പേരില്‍ സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ചില വൈദികര്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഓള്‍ ഇന്ത്യ കാത്തലിക് അല്‍മായ ഫോറം. രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ളതും 55 ലക്ഷത്തിലധികം വിശ്വാസികളും 35ലധികം രൂപതകളും നിരവധി വൈദികരും സന്യസ്തരും സേവനമനുഷ്ഠിക്കുന്ന സീറോ മലബാര്‍ സഭയുടെ ഒരു രൂപതയിലെ വിരലിലെണ്ണാവുന്ന വൈദികരാണ് സഭാതലവനെതിരേ പ്രചാരണങ്ങള്‍ നടത്തുന്ന വൈദികരുടെ നടപടി സഭാവിരുദ്ധവും അധാര്‍മികവും കാനോനിക നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ്. ഇവര്‍ ചിലരുടെ രഹസ്യ അജണ്ടയ്ക്ക് പാത്രമാവുകയാണെന്നും ഫോറം ഭാരവാഹികള്‍ കുറ്റപ്പെടുത്തി. രൂപതയിലെ ഭൂമി വില്‍പനയില്‍ കര്‍ദിനാളിന് യാതൊരു ജാഗ്രതക്കുറവുമുണ്ടായിട്ടില്ല. ഫൈനാന്‍സ് കമ്മിറ്റി ചര്‍ച്ച ചെയ്തശേഷം വില്‍പന നടത്താനുള്ള തീരുമാനത്തിലാണ് കര്‍ദിനാള്‍ ഒപ്പുവച്ചത്. ഒരു രൂപതയിലുണ്ടായ പ്രശ്‌നം അവിടത്തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് ചെയ്യേണ്ടത്. സീറോ മലബാര്‍ സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ അല്‍മായരുടെയും വിശ്വാസികളുടെയും ഐക്യനിര രൂപപ്പെടുത്തും. മെത്രാനെ പുറത്താക്കണമെന്ന തരത്തിലുള്ള ആവശ്യങ്ങള്‍ക്ക് പിന്നില്‍ ഗൂഢ താല്‍പര്യങ്ങളുണ്ടെന്ന് അവര്‍ ആരോപിച്ചു. അടുത്ത സിനഡില്‍ വിഷയം ചര്‍ച്ച ചെയ്യും. സിനഡ് തല അന്വേഷണമാണ് ആവശ്യമെന്നും അതിന് മുമ്പ് വിഷയത്തില്‍ കര്‍ദിനാള്‍ വിശദീകരണം നല്‍കേണ്ടതില്ലെന്നും ഫോറം വ്യക്തമാക്കി. അല്‍മായ ഫോറം പ്രസിഡന്റ് അഡ്വ. പി പി ജോസഫ്, ഭാരവാഹികളായ ഔസേപ്പച്ചന്‍ ചെറുകാട്, ജോണ്‍ ജോയി കുന്നത്തുതറപ്പില്‍, ജിജി പേരകശ്ശേരി, നൈനാന്‍ തോമസ്, അഡ്വ. സതീഷ് മറ്റം, ലാലി ഇളപ്പുങ്കല്‍, ജോര്‍ജ് കാഞ്ഞിരത്തുമൂട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top