കര്‍ദിനാളിന് എതിരേ കേസ്: ഉത്തരവിന് സ്റ്റേ

കൊച്ചി: അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമിയിടപാട് ആരോപണത്തില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും മറ്റു പ്രതികള്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവുപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. കേസ് അടുത്തമാസം മൂന്നിന് വീണ്ടും പരിഗണിക്കും.
സിംഗിള്‍ ബെഞ്ചിന് മുമ്പില്‍ ഹരജി നല്‍കിയ ഷൈന്‍ വര്‍ഗീസ് കഴിഞ്ഞമാസം 16നാണ് സെന്‍ട്രല്‍ പോലിസില്‍ പരാതി നല്‍കിയതെന്ന് കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കു വേണ്ടി ഹാജരായ  മുതിര്‍ന്ന അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പരാതിയിലെ തിയ്യതി 15 എന്നായിരുന്നു. ഇതില്‍ ഉടന്‍ കേസെടുക്കാനാവില്ലെന്നാണ് പോലിസ് ഷൈനെ അറിയിച്ചിരുന്നത്. തുടര്‍ന്നാണ് പോലിസ് നടപടിയെടുത്തില്ലെന്നു പറഞ്ഞ് 16ന് തന്നെ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ഈ വാദം ശരിയാണെന്ന് സര്‍ക്കാരും അറിയിച്ചു. തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയത്.

RELATED STORIES

Share it
Top