കര്‍ദിനാളിനെതിരേ കേസെടുക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പന വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം നാലു പേര്‍ക്കെതിരേ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പോലിസ് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഈ മാസം ആറിന് ഹൈക്കോടതി ഉത്തരവിട്ടത്. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലാണു ഹൈക്കോടതി വിധി. ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം പോലിസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കേസെടുക്കുന്നതിന്റെ ഭാഗമായി ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഇത് സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടാന്‍ പോലിസ് തീരുമാനിച്ചത്. കൂടുതല്‍ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരിക്കുന്നതെന്നും അതു ലഭിക്കുന്ന മുറയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും എറണാകുളം സെന്‍ ട്രല്‍ സി ഐ അനന്തലാല്‍ പറഞ്ഞു.
അതിനിടയില്‍ വിവാദ ഭൂമി ഇടപാട് പുറത്തുകൊണ്ടുവരികയും കര്‍ദിനാളിനെതിരേ നിലപാടെടുക്കുകയും ചെയ്ത വൈദികര്‍ക്കെതിരേ ഇന്നലെ എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തിനു സമീപം പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു. സഭാ നിയമങ്ങള്‍ പാലിക്കാത്ത സിനഡ് തീരുമാനങ്ങള്‍ ലംഘിച്ച വിമത വൈദികരെ പുറത്താക്കണമെന്നും സഭയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നുമാണ് വിശ്വാസികള്‍ എന്ന പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എട്ടു വൈദികരുടെ പേരെടുത്ത്് വിമര്‍ശിച്ചു കൊണ്ടാണ് പോസ്റ്റര്‍. വിവാദ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ക്കിടയില്‍ വന്‍ ചേരിതിരിവാണ് ഉണ്ടായിരിക്കുന്നത്.

RELATED STORIES

Share it
Top