കര്‍ദിനാളിനെതിരേ എതിര്‍വിഭാഗം സുപ്രിംകോടതിയിലേക്ക്‌

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിവില്‍പനയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ എതിര്‍വിഭാഗം സുപ്രിംകോടതിയിലേക്ക്. വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരേ അടുത്തദിവസം സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്യുമെന്ന് അതിരൂപതയിലെ അല്‍മായര്‍ ചേര്‍ന്ന് രൂപീകരിച്ച ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി (എഎംടി) നേതാക്കള്‍ പറഞ്ഞു.
അതിനിടയില്‍ ഭൂമി വില്‍പനയി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി നേരിട്ട്  മാര്‍പാപ്പയെ ധരിപ്പിച്ചതായാണ് വിവരം. വിഷയം സംബന്ധിച്ച് നേരത്തേ തന്നെ ഒരു വിഭാഗം വൈദികരും വിശ്വാസികളും മാര്‍പാപ്പയ്ക്ക് പരാതി നല്‍കിയിരുന്നു.
അതിനിടയില്‍, പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സഭയില്‍ തീവ്രശ്രമം നടന്നുവരുന്നുണ്ട്. കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് സൂസെപാക്യത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം അതിരൂപതയിലെ വൈദിക സമിതി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം, കര്‍ദിനാളിനെതിരായ സമരം ശക്തമാക്കാനാണ് എഎംടിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഫൊറോനകള്‍ തോറും ഇവര്‍ സംഘടിപ്പിച്ചുവരുന്ന കണ്‍വന്‍ഷനുകള്‍ അന്ത്യഘട്ടത്തിലാണ്. കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യാതെയുള്ള ഒത്തുതീര്‍പ്പിനില്ലെന്നാണ് എഎംടി നേതാക്കള്‍ പറയുന്നത്. അതിരൂപതയിലെ ഒരു പള്ളിയിലും കര്‍ദിനാളിനെ പ്രവേശിപ്പിക്കില്ല. ഈസ്റ്റര്‍ ദിനത്തില്‍ കര്‍ദിനാളിനെ സെന്റ് മേരീസ് ബസലിക്കയിലെ ഉയിര്‍പ്പുതിരുനാള്‍ ചടങ്ങുകളില്‍ കാര്‍മികത്വം വഹിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു.

RELATED STORIES

Share it
Top