കര്‍ദിനാളിനെതിരായ കേസ് സ്ഥിരം സിനഡ് നടത്തും

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് സംബന്ധിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം നാലു പേര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കേസിന്റെ നടത്തിപ്പ് ചുമതല സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് ഏറ്റെടുത്തു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സ്ഥിരം സിനഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തതെന്നാണു വിവരം. മാര്‍ മാത്യു അറയ്ക്കലിന്റെ മേല്‍നോട്ടച്ചുമതലയില്‍ മൂന്നംഗ മെത്രാന്‍സമിതിയായിരിക്കും കേസിന്റെ നടത്തിപ്പു കാര്യങ്ങള്‍ നോക്കുകയെന്നാണ് വിവരം. ഹൈക്കോടതിവിധിക്കെതിരേ അപ്പീല്‍ നല്‍കാനും സിനഡ് തീരുമാനിച്ചു. കേസി ല്‍ അന്വേഷണമാവാമെന്നു മാത്രമാണ് ഉത്തരവിലുള്ളതെന്ന് സിനഡ് അവകാശപ്പെട്ടു. അല്ലാതെ കര്‍ദിനാള്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. അതിനാല്‍ രാജിവയ്—ക്കേണ്ട സാഹചര്യമില്ലെന്നും സിനഡ് വിലയിരുത്തി. അതേസമയം, വിവാദ ഭൂമി ഇടപാടില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ഇന്ന് പോലിസ് കേസെടുക്കുമെന്നാണ് വിവരം. കര്‍ദിനാള്‍ ആലഞ്ചേരി, ഫാ. ജോഷ് പൊതുവ, ഫാ. വടക്കുമ്പാടന്‍, ഇടനിലക്കാരനായ സാ—ജു വര്‍ഗീസ് എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
വിധിപ്പകര്‍പ്പ് കിട്ടിയിട്ട് കേസെടുത്താല്‍ മതിയെന്നാണ് പോലിസ് നിലപാട് ഇന്ന് വിധിപ്പകര്‍പ്പു കിട്ടുമെന്നാണ് വിവരം. രാജ്യത്തു നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കാതെയും സഭാനിയമങ്ങള്‍ പാലിച്ചും നൈയാമിക വ്യക്തിയായ അതിരൂപതയുടെ വസ്തുക്കള്‍ വില്‍ക്കുന്നതിനു മെത്രാപോലീത്തയ്ക്ക് അധികാരവും അവകാശവും ഉണ്ടെന്നാണ് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്യാലയം വ്യക്തമാക്കുന്നത്. ഈ അധികാരവും അവകാശവും ഉപയോഗിച്ചാണ് എറണാകുളം- അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മേജര്‍ ആര്‍ച്ച് ബിഷപ് വസ്തുക്കള്‍ വിറ്റത്. അതിരൂപതയുടെ ആവശ്യത്തിനുവേണ്ടി ബാങ്കില്‍നിന്നെടുത്ത കടം തിരിച്ചടയ്ക്കാനാവശ്യമായ പണം സമാഹരിക്കാനാണ് വസ്തുക്കള്‍ വിറ്റത്. കാനോനികസമിതികളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ അധികാരപ്പെടുത്തിയ പ്രൊക്കുറേറ്റര്‍ വഴിയാണ് വസ്തുക്കള്‍ വിറ്റത്. അതിരൂപതയ്ക്കുവേണ്ടി ആര്‍ച്ച് ബിഷപ് എന്ന നിലയിലാണ് മേജര്‍ ആര്‍ച്ച് ബിഷപ്് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആധാരങ്ങളില്‍ ഒപ്പിട്ടത്. വസ്തുവില്‍പനയില്‍ രാജ്യത്തെ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ല. സഭാനിയമങ്ങള്‍ പാലിച്ചിട്ടുമുണ്ട്. സഭാനിയമപ്രകാരം കാനോനികസമിതികളോട് ആലോചിക്കാതെയും അവരെ അറിയിക്കാതെയുമാണ് വസ്തുക്കള്‍ വിറ്റത് എന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്.
അതിരൂപതയ്ക്കു സാമ്പത്തികനഷ്ടമുണ്ടായെന്ന ആരോപണം ഭാഗികമായി ശരിയാണ്. ഭൂമിയുടെ മുഴുവന്‍ വിലയും അതിരൂപതയുടെ അക്കൗണ്ടില്‍ ധാരണപ്രകാരം യഥാസമയം നിക്ഷേപിക്കുന്നതില്‍ വസ്തു വാങ്ങിയവരില്‍ ചിലരും ഇടനിലക്കാരും വീഴ്ചവരുത്തിയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നുമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്യാലയം വ്യക്തമാക്കിയത്.

RELATED STORIES

Share it
Top