കര്‍ണാടക സര്‍ക്കസ് 2018

നാട്ടുകാര്യം കുന്നത്തൂര്‍  - രാധാകൃഷ്ണന്‍
ബസവണ്ണന്റെ നാടുപിടിക്കാനുള്ള പഞ്ചഗുസ്തിമല്‍സരത്തിലെ രസകരമായ കാഴ്ചകള്‍ കണ്ട് ഹര്‍ഷോന്മാദത്തിന്റെ നടുവിലാണ് ഇപ്പോള്‍ അവിടത്തെ വോട്ടര്‍മാര്‍. മോദിയാശാന്‍, അമിതന്‍, രാഹുലന്‍, സിദ്ധരാമയ്യന്‍, യോഗി, ദേവഗൗഡന്‍, കുമാരസ്വാമി അവര്‍കള്‍ തുടങ്ങിയ രാഷ്ട്രീയ വിശാരദന്മാരെക്കൊണ്ട് ജനം പൊറുതിമുട്ടിയെന്നു പറഞ്ഞാല്‍ ദേശവിരുദ്ധമാവുമോ ആവോ?
വാണിയംകുളം കവലയില്‍ മൂരികളെ മല്‍സരിച്ച് ലേലംവിളിക്കുന്നതിനെ അനുസ്മരിപ്പിക്കുന്നതാണ് മോദിജി-രാഹുലന്‍ജി ദ്വന്ദ്വയുദ്ധം.
ഉപ്പേരി= ഉരുള, ഉരുള= ഉപ്പേരി എന്ന മട്ടിലാണു പ്രസംഗം നീളുന്നത്. ശൈലിയിലെ മൗലികതകൊണ്ട് ചില പ്രഭാഷണങ്ങള്‍ ഗിന്നസ് ബുക്കില്‍ ചേക്കേറാന്‍ ഇടയുണ്ട്.
മോദിജി: ''പാക് അധീന കശ്മീരിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ രാഹുലനും അഴിമതികാംഗ്രസും അപമാനിച്ചില്ലേ? വന്ദേമാതരം ഈണത്തില്‍ പാടാത്ത ഇവന്മാര്‍ക്ക് വോട്ട് കൊടുക്കരുത്.''
രാഹുലന്‍ജി: ''നീരവ് മോദിയടങ്ങുന്ന പണ്ടോറയുടെ പെട്ടി തുറന്നുവിട്ട ഗോരക്ഷാ ഗുണ്ടാസംഘങ്ങള്‍ക്ക് വോട്ട് നല്‍കിയാല്‍ ഈ നാട് കുട്ടിച്ചോറാവും. കുട്ടിച്ചോറിനേക്കാള്‍ നല്ലത് ഇരുമ്പരി തിന്നുന്നതല്ലേ?''
മോദിജിയും രാഹുലനും സിബിഎസ്്‌സി മാതൃകയില്‍ ചോരാവുന്ന ചോദ്യം ചോദിക്കുമ്പോള്‍ വോട്ടര്‍മാര്‍ കൈയടിച്ച് ഹലേലൂയ്യ എന്നോ അങ്ങനെന്നെ എന്നോ പറയും.
എന്നാല്‍, യഥാര്‍ഥത്തില്‍ ഗോദയെ കൊഴുപ്പിച്ചതും ആദ്യ സ്‌കോര്‍ നേടിയതും സിദ്ധരാമന്‍ എന്ന അയ്യനാണ്. സംഗതി അയ്യടാന് പറയിക്കാതെ ചാട്ടവാര്‍ അടിച്ചു മുന്നേറാന്‍ സിദ്ധനെ സഹായിച്ചത് കൈപ്പിടിയിലെ ഭരണമാണ് എന്റെ പൊന്ന്വോ. കന്നഡ മക്കള്‍ക്ക് പ്രത്യേക പതാക വേണമെന്ന ആശയം കോരനെപ്പോലുള്ള ഏതോ പരുന്താണ് സിദ്ധന്റെ ചെവിയിലോതിയത്. സിദ്ധനെ സമീപിച്ച പരുന്ത് ഇപ്രകാരം ചോദിച്ചു:
''ഭരണത്തുടര്‍ച്ച എന്ന ആശയം അങ്ങ് ഇഷ്ടപ്പെടുന്നുണ്ടോ?''
''ഉണ്ടെങ്കില്‍?''
''ഉണ്ടെങ്കില്‍ ഇങ്ങനെ മുതുകു ചൊറിഞ്ഞിരുന്നാല്‍ പോര. എനര്‍ജറ്റിക്കാവണം.''  ''ആശയം നേരെ ചൊവ്വേ വ്യക്തമാക്കിയില്ലെങ്കില്‍ അന്നെ പുറത്താക്കാന്‍ ഞാന്‍ കരിമ്പൂച്ച സെക്യൂരിറ്റി ഗാര്‍ഡുകളെ അഴിച്ചുവിടും.''
''അയ്യോ അതു വേണ്ട, കന്നഡ മക്കള്‍ക്ക് പ്രത്യേക പതാക അനുവദിച്ചാല്‍ മതി.''  ''ഭേഷ്. അന്നെ ഞാന്‍ കന്നഡ കുറ്റാന്വേഷണ വകുപ്പിന്റെ തലവനാക്കിയിരിക്കുന്നു.''
''താങ്ക് യു സാര്‍?''
കന്നഡ പതാക മോദിയാശാന്റെ കേന്ദ്ര ശീതസംഭരണിയിലാണെങ്കിലും വോട്ടുകള്‍ ഇപ്പോള്‍ തന്നെ കൈപ്പെട്ടിയിലേക്കു മറിഞ്ഞല്ലോ! കാര്യങ്ങള്‍ സുഗമമായി നീങ്ങുമ്പോഴാണ് മറ്റൊരു ദിവാസ്വപ്‌നം സിദ്ധന്റെ വഴിക്ക് വലിയൊരു താങ്ങായത്. ലിംഗായത്തിന് പ്രത്യേക മതപദവി നല്‍കിയാല്‍ ലിംഗായത്തുകളും കോണ്‍ഗ്രസ്സും രക്ഷപ്പെടും. ആര്യബ്രാഹ്മണകക്ഷി ഹിന്ദുക്കളെ വിഭജിക്കാന്‍ അനുവദിക്കില്ല എന്നൊക്കെ അട്ടഹസിച്ച് മുതലക്കണ്ണീരൊഴുക്കുന്നുണ്ടെങ്കിലും സിദ്ധന്റെ പെട്ടിയില്‍ ലിംഗായത്തുകള്‍ പലരും ഇപ്പോള്‍ തന്നെ വീണുകഴിഞ്ഞത്രേ.
ഈ ഘട്ടത്തിലാണ് കുമാരസ്വാമികള്‍ എന്ന അദ്ഭുത തിരുവടികള്‍ പെട്ടെന്നു ചാടിവീണത്. ആര്യബ്രാഹ്മണകക്ഷിയോട് ഇഷ്ടന് വിരോധമൊന്നുമില്ല. തിരഞ്ഞെടുപ്പ് ചാണക്യനായ അമിതന്‍ജിയുമായി ചര്‍ച്ച നടത്തിയെന്നും കേള്‍ക്കുന്നു. ജെഡിഎസ് എന്ന അഖിലലോക കക്ഷിക്ക് കര്‍ണാടക തിരഞ്ഞെടുപ്പ് ഒരു പ്രശ്‌നമേ അല്ല. കാരണം, പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നത് പടുവൃദ്ധനായ ദേവഗൗഡനല്ല; പടക്കുതിരയായ കുമാരനാണ്. അതിനാല്‍ ചാമുണ്ഡേശ്വരിയില്‍ സിദ്ധനെ മലര്‍ത്തിയടിക്കും. അടി സ്‌ട്രോങാവാന്‍ ആര്യബ്രാഹ്മണര്‍ ജെഡിഎസ് പെട്ടിയില്‍ കൂട്ടത്തോടെ ചാടിയാല്‍ തടുക്കില്ല. വോട്ടര്‍മാരുടെ ചോദ്യത്തില്‍ തളര്‍ന്ന് വശംകെട്ട് വീട്ടില്‍ കയറിച്ചെന്നപ്പോള്‍ ദേവഗൗഡനുണ്ട് രാവണവധം കഥകളിപോലെ രൗദ്രഭാവം പൂണ്ടുനില്‍ക്കുന്നു.
മതനിരപേക്ഷതയുടെ പ്രതീകവും ആര്യാവര്‍ത്തത്തില്‍ നാലുമാസം അമ്മാനമാടുകയും ചെയ്ത ദരിദ്രകര്‍ഷകനായ ദേവന്‍ ചാട്ടവാര്‍ ചുഴറ്റി ചോദിച്ചു:
''യ്യ് അമിതനെ കണ്ടോ?''
''ബസ്സിലോ മറ്റോ പോവുമ്പോള്‍ ഒരു നോക്ക് കണ്ടു.''
''അത്രയേ ഉള്ളോ? അമിതനുമായി ഇയ്യ് നടത്തിയ കൂടിക്കാഴ്ചയുടെ തെളിവ് സിദ്ധന്റെ കൈയിലുണ്ടെന്നു പറയുന്നുണ്ടല്ലോ!''
''ഒക്കെ മോര്‍ഫിങ് പരിപാടിയാണച്ഛാ.''
''അപ്പോള്‍ നമ്മുടെ അടിയന്തര മുദ്രാവാക്യം എന്തായിരിക്കണം?''
''ജെഡിഎസ്-കിങ്‌മേക്കര്‍ സിന്ദാബാദ്. കിസാന്‍ ഐക്യം ജയിക്കട്ടെ, എക്‌സിറ്റ്‌പോള്‍ ഫലം തുലയട്ടെ.''

RELATED STORIES

Share it
Top