കര്‍ണാടക: വോട്ടര്‍പ്പട്ടികയില്‍ 18 ലക്ഷം മുസ്‌ലിംകളുടെ പേരില്ല

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടര്‍പ്പട്ടികയില്‍ 18 ലക്ഷം മുസ് ലിംകളുടെ പേരില്ലെന്ന് ആരോപണം. ന്യൂഡല്‍ഹി കേന്ദ്രമായ എന്‍ജിഒ സിആര്‍ഡിഡിപി എന്ന എന്‍ജിഒയുടെ സിഒഒയും ഗവേഷനകനുമായ ഖാലിദ് സൈഫുല്ലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2011ലെ സെന്‍സസ് റിപോര്‍ട്ടും ഈ വര്‍ഷം ഫെബ്രുവരി 18ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വോട്ടര്‍പ്പട്ടികയും പരിശോധിച്ചാണ് മുസ്‌ലിം വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയതായി കണ്ടത്. 16 മണ്ഡലങ്ങളിലെ വോട്ടര്‍പ്പട്ടികയാണു സംഘം പരിശോധിച്ചത്.
ഇവയില്‍ മാത്രം 1.28 ലക്ഷം വോട്ടര്‍മാരുടെ പേര് ഒഴിവാക്കുകയോ, തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാതിരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഖാലിദ് സൈഫുല്ല പറഞ്ഞു.
ഇതനുസരിച്ച് സംസ്ഥാനത്ത് 15 മുതല്‍ 18 ലക്ഷം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നു പുറത്താവും. ഏപ്രില്‍ 24 വരെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കോണ്‍ഗ്രസ് പട്ടിക ഏപ്രില്‍ 15ന്
കര്‍ണാടകയിലെ 224 അംഗ നിയമസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക ഏപ്രില്‍ 15ന് പുറത്തിറക്കും. മേയ് 12നാണ് തിരഞ്ഞെടുപ്പ്. എല്ലാ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ ഒന്നിച്ച് പ്രഖ്യാപിക്കുമെന്ന് കര്‍ണാടക പിസിസി പ്രസിഡന്റ് ജി പരമേശ്വര പറഞ്ഞു.
പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധി മുതിര്‍ന്ന പാര്‍ട്ടി നേതാവ് മധുസൂദന്‍ മിസ്ത്രി കണ്‍വീനറായി രൂപീകരിച്ച സ്‌ക്രീനിങ് കമ്മിറ്റി ഏപ്രില്‍ 9നും 10നും യോഗം ചേരുന്നുണ്ട്. സമിതിയില്‍ എക്‌സ് ഒഫീഷ്യോ അംഗമാണ് കെ സി വേണുഗോപാല്‍. അതിനു ശേഷം ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക.

RELATED STORIES

Share it
Top