കര്‍ണാടക ലോകായുക്തയ്ക്ക് കുത്തേറ്റു

ബംഗളൂരു: കര്‍ണാടക ലോകായുക്ത പി വിശ്വനാഥ ഷെട്ടിക്ക് കുത്തേറ്റു. പരാതിയുമായി അദ്ദേഹത്തിന്റെ ഓഫിസിലെത്തിയ ആളാണ് കുത്തിയത്. ഷെട്ടിക്ക് മൂന്നുനാലു തവണ കുത്തേറ്റിട്ടുണ്ട്.
തേജ്‌രാജ് ശര്‍മ എന്നയാളാണ് ആക്രമിച്ചത്. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. ഷെട്ടിയെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. താന്‍ അപേക്ഷിച്ച ഒരു ജോലിക്ക് ടെന്‍ഡര്‍ കിട്ടാത്തതില്‍ ശര്‍മ ലോകായുക്തയില്‍ നേരത്തേ പരാതി നല്‍കിയിരുന്നു. ലോകായുക്തയുടെ ചേംബറിലെത്തിയ ശര്‍മ അദ്ദേഹത്തെ കുത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ആശുപത്രിയില്‍ ശര്‍മയുടെ ആരോഗ്യനില ആരാഞ്ഞ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷെട്ടിയുടെ വയറിനു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും സിദ്ധരാമയ്യ പറഞ്ഞു. 2017ലാണ് ഷെട്ടി സംസ്ഥാന ലോകായുക്തയുടെ ചുമതലയേറ്റത്.

RELATED STORIES

Share it
Top