കര്‍ണാടക: രണ്ട് മണ്ഡലങ്ങളില്‍ എസ്ഡിപിഐ മൂന്നാം സ്ഥാനത്ത്


ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ച് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ. ലഭ്യമായ ഫലപ്രകാരം എസ്ഡിപിഐ മല്‍സരിച്ച മൂന്ന് മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ പാര്‍ട്ടി  മൂന്നാം സ്ഥാനത്തെത്തി. പ്രമുഖ പാര്‍ട്ടികളോട് ഒറ്റയ്ക്ക് മല്‍സരിച്ചാണ് എസ്ഡിപിഐ ഈ നേട്ടം സ്വന്തമാക്കിയത്. മൈസൂരുവിലെ നരസിംഹരാജ മണ്ഡലത്തിലും ചിക്‌പേട്ട് മണ്ഡലത്തിലുമാണ് പാര്‍ട്ടി മൂന്നാം സ്ഥാത്തെത്തിയത്. നരസിംഹരാജ, ബംഗളൂരുവിലെ ചിക്‌പേട്ട്, ഗുല്‍ബര്‍ഗ ഉത്തര്‍ മണ്ഡലങ്ങളിലാണ് എസ്ഡിപിഐ മല്‍സരിച്ചിരുന്നത്. 2013ലെ തിരഞ്ഞെടുപ്പിലും നരസിംഹരാജ മണ്ഡലത്തില്‍ എസ്ഡിപിഐ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചിരുന്നു. അതുകൊണ്ടുതന്നെ എസ്ഡിപിഐ വിജയിച്ച് കയറാതിരിക്കാനുള്ള പിന്‍വാതില്‍ ശ്രമങ്ങള്‍ ശക്തമായിരുന്നു. ജനതാദള്‍ സെക്യുലര്‍ സ്ഥാനാര്‍ഥിയുടെ വോട്ടുകളിലെ ചോര്‍ച്ച ഇതാണ് വ്യക്തമാവുന്നത്.

നരസിംഹരാജ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ തന്‍വീര്‍ സേട്ടാണ് വിജയിച്ചത്. അദ്ദേഹത്തിന് 62268 വോട്ടുകള്‍ ലഭിച്ചു.  44141 വോട്ടുകളുമായി ബിജെപിയിലെ എസ് സതീഷാണ് രണ്ടാം സ്ഥാനത്ത്. എസ്ഡിപിഐയിലെ അബ്ദുല്‍ മജീദിന് 33284 വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. അതേ സമയം ശ്രദ്ധേയമായ കാര്യം കഴിഞ്ഞ തവണ ഇവിടെ 28917 വോട്ടുമായി മൂന്നാംസ്ഥാനത്തുണ്ടായിരുന്ന ജനതാദള്‍ എസിന് 14709 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് എന്നതാണ്. ജെഡിഎസ് വോട്ടുകള്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ അനുകൂലമായി മറിച്ചതായാണ് വ്യക്തമാവുന്നത്.

ചിക്‌പേട്ടില്‍ മല്‍സരിച്ച മുജാഹിദ് പാഷ 10015 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. ഇവിടെ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഗുല്‍ബര്‍ഗയില്‍ മല്‍സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് ഇതുവരെയുള്ള വോട്ടെണ്ണല്‍ നില പ്രകാരം 526 വോട്ടാണ് ലഭിച്ചിട്ടുള്ളത്.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top