കര്‍ണാടക: ബിജെപിയുടെ മൂന്ന് ആവശ്യങ്ങളും സുപ്രിം കോടതി തള്ളി


1. കൂടുതല്‍ സമയം വേണമെന്ന ആവശ്യം
2.ആംഗ്ലോ-ഇന്ത്യന്‍ എംഎല്‍എയുടെ നാമനിര്‍ദേശം അംഗീകരിക്കണമെന്ന ആവശ്യം
3. രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം

ന്യൂഡല്‍ഹി: കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലേറാനുള്ള ബിജെപിയുടെ അവസാന ശ്രമത്തിനും തടയിട്ട് സുപ്രിം കോടതി. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ഏത് വിധേനയും ചാക്കിട്ട് പിടിക്കുന്നതിന് പരമാവധി സമയം നേടിയെടുക്കാനുള്ള ശ്രമമാണ് സുപ്രിം കോടതി തടഞ്ഞത്. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഇന്ന് രാവിലെ സുപ്രിം കോടതിയില്‍ കോണ്‍ഗ്രസ്, ജെഡിഎസ് ഹരജി പരിഗണിച്ചപ്പോള്‍ ബിജെപി അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി മുന്നോട്ടു വച്ചത്.

വിശ്വാസ വോട്ടെടുപ്പ് തേടുമ്പോള്‍ എംഎല്‍എമാര്‍ക്ക് സ്ഥലത്തെത്തുന്നതിനും സ്വതന്ത്രമായി ചിന്തിക്കുന്നതിനും കൂടുതല്‍ സമയം അനുവദിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. എന്നാല്‍, 48 മണിക്കൂറില്‍ അധികം അനുവദിക്കാനാവില്ലെന്ന തീരുമാനമാണ് ഇക്കാര്യത്തില്‍ സുപ്രിം കോടതി എടുത്തത്. അതായത് എംഎല്‍എമാരെ സ്വാധീനിക്കാനുള്ള എല്ലാ പഴുതുകളും അടക്കുകയായിരുന്നു സുപ്രിം കോടതി. നാളെ വൈകുന്നേരെ 4 മണിക്ക് തന്നെ വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് കോടതി ആവശ്യപ്പെട്ടു. ആംഗ്ലോ-ഇന്ത്യന്‍ എംഎല്‍എയെ നാമനിര്‍ദേശം ചെയ്ത മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ തീരുമാനം അംഗീകരിക്കണമെന്ന ആവശ്യവും സുപ്രിം കോടതി തള്ളി. കുറുക്കുവഴികളിലൂടെ ഭൂരിപക്ഷം ഒപ്പിക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ ഇക്കാര്യത്തിലുള്ള അഭിപ്രായം. ഏറ്റവും ഒടുവില്‍ രഹസ്യ വോട്ടെടുപ്പ് വേണമെന്ന കച്ചിത്തുരുമ്പും ബിജെപി തേടി. എംഎല്‍എമാരെ ഏത് വിധേനയും സ്വാധീനിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കാമെന്ന തന്ത്രമാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍, അതും കോടതി നിഷ്‌കരുണം തള്ളി.

പോലിസില്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരെ മാറ്റി കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനും പ്രതിപക്ഷ എംഎല്‍എമാരെ ഭീഷണിപ്പെടുത്താനും ചിലരെ സ്വീധീനിക്കാനുമുള്ള  യദ്യൂരപ്പയുടെ ശ്രമങ്ങള്‍ക്ക് തടയിടുന്നതായിരുന്നു കോടതിയുടെ അടുത്ത നിര്‍ദേശം. നയപരമായ പ്രധാന തീരുമാനങ്ങളൊന്നുമെടുക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി. ഇന്നലെ അഡ്വക്കറ്റ ജനറല്‍, ഡിജിപി, ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെയുള്ളവരെ യെദ്യൂരപ്പ മാറ്റിയിരുന്നു. കാര്‍ഷിക കടം എഴുതിത്തള്ളും എന്നതുള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളും അദ്ദേഹം എടുത്തിരുന്നു.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top