കര്‍ണാടക: പ്രചാരണത്തിന് ഉപയോഗിച്ചത് ടിപ്പുവിനെ മുതല്‍ റാണി ചെന്നമ്മയെ വരെ

പി എ എം  ഹനീഫ്
കോഴിക്കോട്: വീറോടെ പൊരുതാന്‍ കര്‍ണാടകയില്‍ ജാതിയും മതവും മാത്രമല്ല മൂന്നു പ്രധാന എതിരാളികളും കണ്ടെത്തിയത്. മുമ്പേ നടന്നവര്‍, പ്രാദേശിക ആരാധനാ മൂര്‍ത്തികള്‍, പടത്തലവന്‍മാര്‍, രാജ്യനിര്‍മിതിയില്‍ പ്രമുഖരായ ശാസ്ത്രജ്ഞര്‍, പണ്ഡിതര്‍ ഒക്കെ തിരഞ്ഞെടുപ്പു ഗോദയില്‍ വലിച്ചിഴയ്ക്കപ്പെട്ടു.
റാണി ചെന്നമ്മ കിട്ടൂരിലെ വമ്പന്‍ ആരാധനാമൂര്‍ത്തിയാണ്. ബിജെപി അധ്യക്ഷന്‍ അമിത്ഷാ റാണി ചെന്നമ്മയെ തന്റെ പ്രസംഗങ്ങളില്‍ വാനോളം വാഴ്ത്തി എന്നു മാത്രമല്ല റാണി ചെന്നമ്മയുടെ സ്മാരക പ്രദേശം സന്ദര്‍ശിച്ച് കുമ്പിടുകയും ചെയ്തു. റാണി ചെന്നമ്മയുടെ പേരിലൊരു പോലിസ് യൂനിറ്റ് തുടങ്ങുമെന്നും അമിത്ഷാ പ്രഖ്യാപിച്ചു.
ഒനാക്കേ ഒബ്ബവയാണ് മറ്റൊരു പ്രാചീന കഥാപാത്രം. ചിത്രദുര്‍ഗയില്‍ ഹൈദരലിയുടെ സേനയെ ചെറുത്തുനില്‍ക്കാന്‍ മുന്‍പന്തിയില്‍ വാളേന്തിനിന്ന വനിത. ബിജെപിയാണ് ഒബ്ബവയെ വോട്ടര്‍മാര്‍ക്കിടയില്‍ പുനര്‍ജനിപ്പിച്ചത്. ടിപ്പു സുല്‍ത്താനോട് തോറ്റു പിന്‍മാറിയ മടപ്പുക്കരി നായ്ക്ക ബിജെപിയുടെ മറ്റൊരു ആയുധമായിരുന്നു.
ടിപ്പു സുല്‍ത്താന്റെ ജന്‍മദിനാഘോഷങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ നേതൃത്വം നല്‍കിയത് ബിജെപി തുടക്കം മുതലേ എതിര്‍ത്തെങ്കിലും തിരഞ്ഞെടുപ്പില്‍ ടിപ്പു വന്‍ ചര്‍ച്ചയായിരുന്നു. കോ ണ്‍ഗ്രസ്സിനെ അടിക്കാന്‍ ബിജെപി ഉപയോഗിച്ച മുഖ്യ ദണ്ഡുകളിലൊന്ന്.
സിദ്ധരാമയ്യയുടെ വീഴ്ചയ്ക്ക് 40 ലക്ഷത്തിന്റെ ഹബ്‌ലോ കൈവാച്ച് പ്രചാരണായുധമായി. സുഹൃത്ത് നല്‍കിയ സമ്മാനമാണെന്നൊക്കെ മുന്‍ മുഖ്യമന്ത്രി വാദിച്ചെങ്കിലും ബിജെപി തെല്ലും വിട്ടുകൊടുത്തില്ല. ഒളിവില്‍ പോയ ധനാഢ്യന്റെ ഉപഹാരമാണതെന്ന് ബിജെപി പ്രചാരണം ശക്തമാക്കിയപ്പോള്‍ സിദ്ധരാമയ്യ കനപ്പെട്ട വാച്ച് സ്റ്റേറ്റ് മുതലാക്കി ഖജനാവില്‍ സൂക്ഷിച്ചു.
എന്‍ജിനീയര്‍ വിശ്വേശ്വരയ്യ ആധുനിക മൈസൂരുവിന്റെ ശില്‍പി എന്നാണറിയപ്പെടുന്നത്. മൈസൂരു ദിവാനുമായിരുന്നു. ഭക്രാനംഗല്‍ അടക്കം ഒട്ടേറെ പ്രശസ്ത അണക്കെട്ടുകള്‍ക്ക് രൂപകല്‍പന നിര്‍വഹിച്ച വിശ്വേശ്വരയ്യയും തിരഞ്ഞെടുപ്പു ഗോദയില്‍ വലിച്ചിഴയ്ക്കപ്പെട്ടു. അദ്ദേഹത്തിന്റെ ജന്‍മദിനം എന്‍ജിനീയേഴ്‌സ് ഡേ ആയി ആചരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അമിത്ഷാ ഒട്ടും കുറച്ചില്ല; വിശ്വേശ്വരയ്യ കവിയായിരുന്നുവത്രേ!
1956-58, 62-68 കാലത്ത് എസ് നിജലിംഗപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. നരേന്ദ്ര മോദി പ്രചാരണ റാലിയില്‍ ഒരു നുണ തന്നെ തട്ടിവിട്ടു. കോണ്‍ഗ്രസ് നിജലിംഗപ്പയെ ശരിക്കും തഴഞ്ഞിരുന്നു. കാരണം, നെഹ്‌റുവിന്റെ പോളിസികള്‍ക്ക് നിജലിംഗപ്പ എതിരായിരുന്നുവത്രേ!
ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പ, ജനറല്‍ കെ എസ് തിമ്മയ്യ എന്നിവരെയും മോദി കോ ണ്‍ഗ്രസ്സിനെതിരേ ഉപയോഗിച്ചു. നെഹ്‌റു ഈ സൈനിക മേധാവികളെ മൂലയ്ക്കിരുത്തി എന്നായിരുന്നു നുണ. കോ ണ്‍ഗ്രസ് ചരിത്രം പറഞ്ഞതോടെ മോദി പിന്‍വാങ്ങുകയായിരുന്നു.
ശഹീദ് ഭഗത്‌സിങിനെ നെഹ്‌റു ജയിലില്‍ പോയി കണ്ടില്ല എന്ന മോദിയുടെ ആരോപണത്തിനും പഴയ പത്ര റിപോര്‍ട്ടുകള്‍ വച്ചു കോണ്‍ഗ്രസ് പ്രതികരിച്ചു.

RELATED STORIES

Share it
Top