കര്‍ണാടക: പല മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ക്ക് പണം

ബംഗളൂരു: നിയസഭാ തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയിലെ പല മണ്ഡലങ്ങളിലും പോളിങിനിടെ വോട്ടര്‍മാര്‍ക്കു പണം വിതരണം ചെയ്തതായി റിപോര്‍ട്ട്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കോലാര്‍ റൂറല്‍ പോലിസ് നാലുപേരെ അറസ്റ്റ് ചെയ്തു. വനിതാ വോട്ടര്‍മാര്‍ക്കു മൂക്കുത്തി വിതരണം ചെയ്തതിന്റെ പേരിലായിരുന്നു അറസ്റ്റ്.
മാലൂര്‍ മണ്ഡലത്തിലെ മസ്തിയില്‍ പോളിങ് ബൂത്തില്‍നിന്നു പുറത്തുവരുകയായിരുന്ന വോട്ടര്‍മാര്‍ക്കു പണം വിതരണം ചെയ്തു. എന്നാല്‍, വിതരണം ചെയ്ത വ്യക്തിയെയോ ആര്‍ക്കു വേണ്ടിയാണു പണം വിതരണം ചെയ്തതെന്നോ പോലിസിനു കണ്ടെത്താനായിട്ടില്ലെന്ന് ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.
പല ഇടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി വോട്ടര്‍മാര്‍ക്കു പണം വിതരണം ചെയ്തതായി കണ്ടെത്തി. രാമഗൗണ്ടനഹള്ളി പോളിങ് ബൂത്തില്‍ ഇത്തരമൊരു സംഭവം കാമറയില്‍ പകര്‍ത്തിയ ഹിന്ദു പത്രത്തിന്റെ റിപോര്‍ട്ടറുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിച്ചു.
ബംഗളൂരിവിലെ ശിവാജി നഗറില്‍ പ്ലെയിന്‍ സ്ട്രീറ്റിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വോട്ട് ചെയ്തു പുറത്തു വന്നവര്‍ക്കു 500 രൂപ വീതമാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ നല്‍കിയത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒരു ദേശീയ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന സ്ഥാനാര്‍ഥിക്കു വേണ്ടി മൈസൂരുവിലെ നരസിംഹരാജ മണ്ഡലത്തില്‍ പണം വിതരണം ചെയ്യുന്നതായി എസ്ഡിപിഐ നേതാവ് അക്‌റം ഹസന്‍ ആരോപിച്ചു. ഇവിടെ എസ്ഡിപിഐയും കോണ്‍ഗ്രസ്സും തമ്മിലാണ് പ്രധാന മല്‍സരം.
മുഖ്യമന്ത്രി സിദ്ധരാമയ്യ മല്‍സരിക്കുന്ന ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ പണം വിതരണം ചെയ്തതായി ജനതാദള്‍ സെക്കുലര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി. പാര്‍ട്ടി വക്താവും ജനപ്രതിനിധിയുമായ രമേഷ് ബാബുവാണു പരാതി നല്‍കിയത്.

RELATED STORIES

Share it
Top