കര്‍ണാടക: തീരുമാനമെടുക്കുക മോദിയുടെ വിശ്വസ്തന്‍

ബംഗലൂരു: തൂക്കുസഭ വരുമെന്ന് ഉറപ്പായ കര്‍ണാടകയില്‍ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തന്‍ കൂടിയായ ഗവര്‍ണര്‍ വാജുഭായ് വാലയാണ്. കീഴ് വഴക്കമനുസരിച്ച് സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയയെയാണ് സര്‍ക്കാര്‍ രൂപികരണത്തിന് ക്ഷണിക്കേണ്ടത്. എന്നാല്‍ ഗോവയിലും മണിപ്പൂരിലും ബിജെപി അധികാരത്തിലെത്തിയത് പോലെയാണെങ്കില്‍ നറുക്കു വീഴുക കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനാണ്.അതിനാല്‍ തന്നെ ഗവര്‍ണര്‍ എടുക്കുന്ന ഏത് തീരുമാനവും വിവാദത്തിലാവുമെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് ഗവര്‍ണര്‍ തങ്ങളെ ക്ഷണിച്ചില്ലെങ്കില്‍ കോടതിയില്‍ പോവുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍.


2002ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ മോദിക്ക് നിയമസഭയിലേക്ക് മല്‍സരിക്കാനായി തന്റെ സീറ്റ് ഒഴിഞ്ഞുകൊടുത്ത വിശ്വസ്തനാണ് വാജുഭായ് വാല. പിന്നീട് അദ്ദേഹം മോദി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി. 1984 മുതല്‍ 2002വരെ ഗുജറാത്തിലെ രാജ്‌കോട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ചത് വാജുഭായ് വാലയായിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മോദി മണിനഗറിലേക്ക് മാറിയപ്പോള്‍ രാജ്‌കോട്ട് മണ്ഡലം വാജുഭായ് വാലക്കാണ് ലഭിച്ചത്. 2002, 2007, 2012 നിയമസഭാ തിരഞ്ഞെടുപ്പുകളിലും രാജ്‌കോട്ടില്‍ ജയിച്ച് മോദി ഏല്‍പ്പിച്ച കോട്ട കാക്കുകയും ചെയ്തു. 2014ല്‍ മോദി പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടതും വാജുഭായിയുടെ പേരായിരുന്നു. എന്നാല്‍ പിന്നാക്ക വിഭാഗനേതാക്കളില്‍ ഒരാളെ മുഖ്യമന്ത്രിക്കാന്‍ തീരുമാനിച്ചതോടെ ആ അവസരം നഷ്ടമായി. പകരം കിട്ടിയ പദവിയാണ് ഗവര്‍ണര്‍ സ്ഥാനം.

RELATED STORIES

Share it
Top