കര്‍ണാടക: ഉത്തരേന്ത്യന്‍ നേതാക്കള്‍ സംസ്ഥാനത്തേക്ക്; പ്രചാരണം ചൂടുപിടിക്കുന്നു

ബംഗളൂരു: അടുത്ത മാസം 12ന് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കാന്‍ ഉത്തരേന്ത്യന്‍ നേതാക്കള്‍ സംസ്ഥാനത്തേക്ക്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവരാണ് അടുത്ത ദിവസങ്ങളില്‍ കര്‍ണാടകയിലെത്തുക.
ബിജെപി പ്രചാരണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയെന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തെത്തുന്ന യോഗി ആദിത്യനാഥ് 35ഓളം റാലികളില്‍ പങ്കെടുക്കുമെന്നാണു വിവരം. മെയ് 3 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെത്തുമെന്നു കരുതുന്ന യോഗി തീരദേശമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണം നയിക്കുക എന്നാണു പാര്‍ട്ടിവൃത്തങ്ങള്‍ ന ല്‍കുന്ന സൂചന.
അതേസമയം, കര്‍ണാടകയില്‍ മല്‍സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 24ഓളം സ്ഥാനാര്‍ഥികളാണ് കര്‍ണാടകയില്‍ സമാജ്‌വാദി പാര്‍ട്ടിക്കുള്ളത്. കോണ്‍ഗ്രസ്സിന്റെ പ്രചാരണപരിപാടികളില്‍ അഖിലേഷ് ഭാഗമാവുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എസ്പി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനാണ് അദ്ദേഹം കര്‍ണാടകയിലെത്തുന്നതെന്നാണ്് പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പ്രതികരിച്ചത്.
യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ചു മല്‍സരിച്ച കോണ്‍ഗ്രസ്സും എസ്പിയും അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെയാണു മല്‍സരിച്ചത്. അഖിലേഷ് യാദവിന്റെ സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഒന്നുരണ്ടു ദിവസത്തിനകം പുറത്തുവിടാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ പാര്‍ട്ടിയുമായി യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിഎസ്പിയുടെ പ്രചാരണത്തിനായി പാര്‍ട്ടി അധ്യക്ഷ മായാവതി ഇതിനോടകം കര്‍ണാടകയിലെത്തി. കഴിഞ്ഞ ദിവസം മൈസൂരുവിലാണ് മായാവതിയുടെ പ്രചാരണപരിപാടികള്‍ ആരംഭിച്ചത്. ഇന്നലെ ചിത്രദുര്‍ഗ, ബല്‍ഗാവി, ബിദാര്‍ എന്നിവിടങ്ങളിലും മായാവതി പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്തു.
സംസ്ഥാനത്ത് 20 സീറ്റുകളില്‍ മല്‍സരിക്കുന്ന ബിഎസ്പി, ജെഡി(എസ്) പിന്തുണയോടെ ഇത്തവണ അക്കൗണ്ട് തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ്. പാര്‍ട്ടിയുടെ രണ്ടാംഘട്ട പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി മെയ് 5, 6 തിയ്യതികളില്‍ മായാവതി വീണ്ടും സംസ്ഥാനത്തെത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

RELATED STORIES

Share it
Top