കര്‍ണാടകയുടെ കൈയേറ്റം തിരിച്ചുപിടിക്കാതെ കേരളം

ഇരിട്ടി: മാക്കൂട്ടം വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ബാരാപോളില്‍ കേരളത്തിന്റെ റവന്യൂഭൂമി കര്‍ണാടക വനം വകുപ്പ് കൈയേറി ജണ്ട സ്ഥാപിച്ചിട്ട് ഒരുവര്‍ഷമായിട്ടും കൈയേറ്റഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയില്ല. കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണം തടസ്സപ്പെടുത്തി പുതിയ കൈയേറ്റത്തിന് ശ്രമം തുടങ്ങിയിരിക്കെ കേരളത്തിന്റെ അനങ്ങാപ്പാറ നയം സംസ്ഥാനാതിര്‍ത്തിയില്‍ കൂടുതല്‍ പിടിമുറുക്കാനുള്ള അവസരമായി കര്‍ണാടക പ്രയോജനപ്പെടുത്തുകയാണ്. മേഖലയില്‍ വ്യാപക കൈയേറ്റം നടക്കുന്നുണ്ടെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പാണ് പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മിനി സര്‍വേ വിഭാഗം നടത്തിയ പരിശോധനയില്‍ ഇരുസംസ്ഥാനങ്ങളും സംസ്ഥാന പുനര്‍നിര്‍ണയ സമയത്ത് സംയുക്തമായി സ്ഥാപിച്ച അതിര്‍ത്തില്‍നിന്ന് രണ്ടു മീറ്റര്‍ മുതല്‍ ആറുമീറ്റര്‍ വരെ കൈയേറി ജണ്ട സ്ഥാപിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഇ കെ സുധീറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും തുടര്‍ന്ന് സര്‍വേ സൂപ്രണ്ട് കെ സുരേശന്‍ നടത്തിയ പരിശോധനയിലും കൈയേറ്റം സ്ഥിരീകരിച്ചിരുന്നു. ഇതു സംബന്ധിച്ച റിപോര്‍ട്ട് സര്‍വേ ഡയറക്ടര്‍ക്ക് നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. നേരത്തെ സംയുക്ത സര്‍വേ നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും അവസാനം കര്‍ണാടക വനം വകുപ്പ് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു.ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയില്‍ അവകാശം സ്ഥാപിക്കുകയാണ്് കൈയേറ്റത്തിലൂടെ കര്‍ണാടക ലക്ഷ്യമിടുന്നത്. പദ്ധതി തുടങ്ങുമ്പോള്‍ തന്നെ എതിര്‍പ്പുമായി കര്‍ണാടക രംഗത്തെത്തിയിരുന്നു. ബാരാപോള്‍ പുഴയുടെ പകുതിഭാഗം വരെ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് കര്‍ണാടകയുടെ വാദം. പതിയെ റവന്യൂഭൂമി കൈയേറി അവകാശം സ്ഥാപിക്കാനുള്ള നീക്കമാണ് അവര്‍ നടത്തുന്നത്. ഇതിനായി കര്‍ണാടക വനം വകുപ്പ് ജീവനക്കാര്‍ പ്രദേശത്ത് വര്‍ഷങ്ങളായി പട്ടയവകാശം സ്ഥാപിച്ച കുടുംബങ്ങളെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. നേരത്തെ കൈയേറ്റം സംബന്ധിച്ച് നാട്ടുകാര്‍ പലവട്ടം അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. കൂട്ടുപുഴ പാലം നിര്‍മാണത്തിനായി മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നു പറഞ്ഞാണ് പാലം നിര്‍മാണം തടഞ്ഞുകൊണ്ട് കൂര്‍ഗ് ബ്രഹ്മഗിരി വന്യജീവി സങ്കേതം അധിതൃതര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. സംയുക്ത സര്‍വേയിലൂടെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്നാണ് ഇരു സംസ്ഥാനങ്ങളുടെയും ജില്ലാ ഭരണകൂടങ്ങളുടെ നിലപാട്. എന്നാല്‍ കര്‍ണാടക സഹകരിക്കുമോ എന്നു കണ്ടറിയണം.

RELATED STORIES

Share it
Top