കര്‍ണാടകയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക: പോപുലര്‍ ഫ്രണ്ട്‌

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ പരാജയപ്പെടുത്താന്‍ വോട്ടര്‍മാര്‍ തയ്യാറാവണമെന്നു പോപുലര്‍ ഫ്രണ്ട് കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം. മതേതര സ്ഥാനാര്‍ഥികള്‍ക്കും ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിയുന്ന സ്ഥാനാര്‍ഥികള്‍ക്കുമാവണം വോട്ട് നല്‍കേണ്ടത്. “അച്ചാ ദിന്‍’ കൊണ്ടുവരുമെന്ന് വാഗ്ദാനം നല്‍കി നാലുവര്‍ഷം മുമ്പ് അധികാരത്തിലേറിയ ബിജെപി രാജ്യത്തെ ജനങ്ങളുടെ ജീവിതം എല്ലാ വിധത്തിലും ദുസ്സഹമാക്കി. വര്‍ഗീയതയും വെറുപ്പിന്റെ രാഷ്ട്രീയവും മാത്രമാണു സര്‍ക്കാര്‍ സമ്മാനിച്ചത്.
ഹിന്ദുത്വരുടെ വെറുപ്പിന്റെ രാഷ്ട്രീയം ഇപ്പോള്‍ എത്തിനില്‍ക്കുന്നതു ബലാല്‍സംഗ രാഷ്ട്രീയത്തിലാണ്. ഈ അവസരത്തില്‍ വോട്ടര്‍മാര്‍ ഫാഷിസ്റ്റുകള്‍ അധികാരത്തിലെത്താതിരിക്കാന്‍ ശ്രദ്ധിക്കണം. അടിച്ചമര്‍ത്തപ്പെടുന്ന പിന്നാക്ക വിഭാഗങ്ങളുടെ ശബ്ദം നിയമസഭയില്‍ കേള്‍പ്പിക്കാന്‍, മൂന്ന് മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. മാവോവാദികളെന്ന് ആരോപിച്ച് മഹാരാഷ്ട്ര ഗഡ്ചിരോളിയില്‍ 40ഓളം പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു.
ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന പോലിസ് ഭാഷ്യം അവിശ്വസനീയമാണ്. നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പോലിസ് നടത്തിയതിനു വ്യക്തമായ തെളിവുണ്ടായിരിക്കെ ഇതും അങ്ങനെതന്നെ കാണാനേ സാധിക്കൂ. ഒരൊറ്റ പോലിസുകാര്‍ക്കും പരിക്കേല്‍ക്കാത്തതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്.
സംഭവത്തില്‍  ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവന്‍ പോലിസുകാര്‍ക്കെതിരേയും നടപടി കൈക്കൊള്ളണം. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയാക്കുന്നതിനെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെയും യോഗം വിമര്‍ശിച്ചു. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാര്‍ക്ക് അനുകൂലമല്ലാത്ത വിധികള്‍ പുറപ്പെടുവിച്ചതാണു ജസ്റ്റിസ് ജോസഫിനെതിരായ നീക്കത്തിനു കാരണം. നിയമവ്യവസ്ഥയിലെ രാഷ്ട്രീയ ഇടപെടലിന്റെ തെളിവാണിത്.
ജാര്‍ഖണ്ഡിലെ ബൊക്കോറായിലെ ശംസുദ്ദീന്‍ അന്‍സാരി ആള്‍ക്കൂട്ട കൊലപാതകക്കേസിലെ കോടതിവിധിയെ യോഗം സ്വാഗതം ചെയ്തു. കേസിലെ 10 പ്രതികള്‍ക്കു ജീവപര്യന്തം വിധിച്ച കോടതി നടപടി അഭിനന്ദനീയമാണ്.
ഡോ. ഖഫീല്‍ഖാനു ജാമ്യം നല്‍കിയ വിധി മാനിച്ച് ഡോക്ടര്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എം മുഹമ്മദ് അലി ജിന്ന, ഇ എം അബ്ദുര്‍റഹ്മാന്‍, കെ എം ശരീഫ്, ഒ എം എ സലാം, അബ്ദുല്‍ വാഹിദ് സൈദ് സംബന്ധിച്ചു.

RELATED STORIES

Share it
Top