കര്‍ണാടകയില്‍ ബിജെപിക്കെതിരേ കരുതലോടെ മുസ്‌ലിം രാഷ്ട്രീയ നീക്കം

പി സി അബ്ദുല്ല
ബംഗളൂരു: മുന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി കര്‍ണാടകയില്‍ ഇത്തവണ മുസ്‌ലിം രാഷ്ട്രീയം ബിജെപി വിരുദ്ധ പക്ഷത്ത് ഒറ്റക്കെട്ട്. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനും ബിജെപി മുന്നേറ്റത്തിനു തടയിടാനുമുള്ള നടപടികളാണ് എസ്ഡിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ കൈക്കൊണ്ടത്.
എസ്ഡിപിഐ 25 സീറ്റുകളില്‍ ജനവിധി തേടാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, ബിജെപി മുന്നേറ്റം തടയുന്നതിന്റെ ഭാഗമായി 22 മണ്ഡലങ്ങളില്‍ മല്‍സരിക്കാനുള്ള തീരുമാനം എസ്ഡിപിഐ പിന്‍വലിച്ചു. ബിജെപിക്ക് ജയസാധ്യത ഇല്ലാത്തതും പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുള്ളതുമായ മൂന്നു മണ്ഡലങ്ങളില്‍ മാത്രമാണ് എസ്ഡിപിഐ ജനവിധി തേടുന്നത്.  കഴിഞ്ഞ തവണ 12 സീറ്റില്‍ മല്‍സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയും ഇത്തവണ മൂന്ന് സീറ്റുകളിലേ മല്‍സരരംഗത്തുള്ളൂ.
മൈസൂരുവിലെ നരസിംഹരാജ, ബംഗളൂരുവിലെ ചിക്‌പേട്ട, ഗുല്‍ബര്‍ഗ ടൗണ്‍ മണ്ഡലങ്ങളിലാണ് എസ്ഡിപിഐ മല്‍സരരംഗത്തുള്ളത്. എസ്ഡിപിഐ വന്‍ മുന്നേറ്റം നടത്തുന്ന നരസിംഹരാജയില്‍ മാധ്യമങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്ന മല്‍സരമാണ് അരങ്ങേറുന്നത്. കഴിഞ്ഞ തവണ എസ്ഡിപിഐ രണ്ടാംസ്ഥാനത്തെത്തിയ നരസിംഹരാജയില്‍ ഇത്തവണ പുതിയ ചരിത്രം പിറക്കുമെന്നാണ് വിലയിരുത്തല്‍. വിവിധ ചേരികളില്‍ നിന്ന് അനുദിനം നേതാക്കളും അണികളും നരസിംഹരാജയില്‍ എസ്ഡിപിഐക്ക് പിന്തുണയുമായെത്തുന്നു. മൈസൂരു നഗരസഭയിലെ ജെഡിയു കൗണ്‍സിലര്‍ കഴിഞ്ഞ ദിവസം എസ്ഡിപിഐ സ്ഥാനാര്‍ഥി അബ്ദുല്‍ മജീദിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സിന്റെ മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലറും സഹോദരനും കഴിഞ്ഞ ദിവസം എസ്ഡിപിഐയില്‍ ചേര്‍ന്നിരുന്നു.
ബംഗളൂരു കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ മുജാഹിദ് പാഷയാണ് ചിക്‌പേട്ടയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി. വന്‍ മുന്നേറ്റമാണ് ഇവിടെ പാര്‍ട്ടി കാഴ്ച വയ്ക്കുന്നത്. ജെഡിയുവും ബിജെപിയും ഇവിടെ പ്രചാരണത്തില്‍ ബഹുദൂരം പിറകിലാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുല്‍ബര്‍ഗ നഗരസഭയില്‍ അക്കൗണ്ട് തുറന്ന എസ്ഡിപിഐ ഇത്തവണ വര്‍ധിച്ച പ്രതീക്ഷയോടെയാണ് ഗുല്‍ബര്‍ഗ ടൗണില്‍ ജനവിധി തേടുന്നത്. മുഹമ്മദ് മുഹ്‌സിനാണ് സ്ഥാനാര്‍ഥി. ഗുല്‍ബര്‍ഗ സൗത്ത്, ബിദര്‍, തുംകൂര്‍ മണ്ഡലങ്ങളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി മല്‍സരിക്കുന്നത്.

RELATED STORIES

Share it
Top