കര്‍ണാടകയില്‍ നിന്നു കടത്തിയ മൂന്നുലക്ഷത്തിന്റെ നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടി

ഇരിട്ടി: ഇരിട്ടി പോലിസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കര്‍ണാടകയില്‍ നിന്ന് കടത്തിയ മൂന്നുലക്ഷം രൂപ വിലയുള്ള രണ്ടുചാക്ക് നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടി. എസ്‌ഐ പി സി സജ്ഞയ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് നടപടി. പാനൂരിലേക്ക് കടത്തുകയായിരുന്നു ഇവ. ബംഗളൂരുവില്‍നിന്ന് വരികയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് കിളിയന്തറയില്‍വച്ച് പരിശോധിച്ചപ്പോഴാണ് പാന്‍ ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്.
ബസ്സിന്റെ ലഗേജ് വയ്ക്കുന്ന അറയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു. ബസ്സില്‍ ഇതിനാരും അവകാശികളായി ഉണ്ടായിരുന്നില്ല. പോലിസ് സംശയം തോന്നി ക്ലീനര്‍ ചാമരാജ്‌പേട്ട സ്വദേശി ശ്രീനിവാസിനെ(23)  ചോദ്യം ചെയ്തപ്പോള്‍ പാനൂര്‍ സ്വദേശി മുനീറിന് എത്തിക്കാന്‍ കൊണ്ടുപോവുന്നതാണെന്ന് മൊഴിനല്‍കി. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. മുനീറിനെ പോലിസ് വിളിച്ചുവരുത്തി പിടികൂടി. സംസ്ഥാനത്ത്് പാന്‍ ഉല്‍പന്നങ്ങള്‍ക്ക് നിരോധനം നിലനില്‍ക്കുന്നതിനാല്‍ കര്‍ണാടകയില്‍നിന്ന് വന്‍ തോതില്‍ ഇത്തരം വസ്തുക്കള്‍
കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇത് കണ്ടെത്താന്‍ അതിര്‍ത്തിയില്‍ കാര്യമായ പരിശോധനകള്‍ ഉണ്ടാവുന്നില്ല. കിളിയന്തറയില്‍ എക്‌സൈസ് ചെക്‌പോസ്റ്റ് ഉണ്ടെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് വന്‍തോതില്‍ ഉല്‍പന്നങ്ങള്‍ ജില്ലയുടെ പല ഭാഗങ്ങളിലേക്കും കടത്തുകയാണ്.

RELATED STORIES

Share it
Top