കര്‍ണാടകയില്‍ എസ്ഡിപിഐ 25 സീറ്റുകളില്‍ ജനവിധി തേടും

പി സി അബ്ദുല്ല
ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ ശക്തമായ പിന്നാക്ക-ന്യൂനപക്ഷ ബദല്‍ സാന്നിധ്യമായ എസ്ഡിപിഐ നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 മണ്ഡലങ്ങളില്‍ ജനവിധി തേടും. ഒന്നാംഘട്ടത്തില്‍ പ്രഖ്യാപിച്ച ഏഴു സ്ഥാനാര്‍ഥികള്‍ ഇതിനകം ആദ്യവട്ട പ്രചാരണവും മണ്ഡലപര്യടനവും പൂര്‍ത്തിയാക്കി. ബംഗളൂരു, മൈസൂരു, മംഗളൂരു അടക്കം പ്രധാന നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന എഴു മണ്ഡലങ്ങളിലാണ് എസ്ഡിപിഐ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുള്ള ഈ മേഖലകളില്‍ പ്രചാരണത്തില്‍ വന്‍ മുന്നേറ്റമാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ കാഴ്ചവയ്ക്കുന്നത്.
മൈസൂരു നരസിംഹരാജയില്‍ കെ എച്ച് അബ്ദുല്‍ മജീദാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ജനവിധി തേടിയ അബ്ദുല്‍ മജീദ് വര്‍ധിച്ച പ്രതീക്ഷയോടെയാണ് ഇത്തവണയും മല്‍സരത്തിനിറങ്ങിയിരിക്കുന്നത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നരസിംഹരാജ മണ്ഡലത്തില്‍ എസ്ഡിപിഐ ആണ് രണ്ടാംസ്ഥാനത്തെത്തിയത്. 29,667 വോട്ട് ഇവിടെ കെ എച്ച് അബ്ദുല്‍ മജീദ് നേടി. കോണ്‍ഗ്രസ്സിലെ സിറ്റിങ് എംഎല്‍എ ആയ തന്‍വീര്‍ സേഠിന് 38,000 വോട്ടാണു ലഭിച്ചത്. മൂന്നാംസ്ഥാനത്തെത്തിയ ജനതാദള്‍(എസ്) 29,180 വോട്ടും നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപിക്ക് 12,443 വോട്ടുമാണ് ഇവിടെ ലഭിച്ചത്. നരസിംഹരാജ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ജനവിധി തേടിയ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മുഹമ്മദ് താഹിര്‍ അലിക്ക് 323 വോട്ടും ജെഡിയു സ്ഥാനാര്‍ഥിക്ക് 336 വോട്ടുമാണ് ലഭിച്ചത്.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മൂന്നാംസ്ഥാനത്തെത്തിയ ബംഗളൂരു സര്‍വജ്ഞനഗറില്‍ അബ്ദുല്‍ ഹന്നാന്‍ ആണ് സ്ഥാനാര്‍ഥി. ബംഗളൂരു ചിക്‌പേട്ട് മണ്ഡലത്തില്‍ ബംഗളൂരു കോര്‍പറേഷനിലെ എസ്ഡിപിഐ കൗണ്‍സിലറും ആരോഗ്യക്ഷേമ സ്റ്റാന്റിങ് ചെയര്‍മാനുമായ ഡോ. മുജാഹിദ് പാഷയാണ് പാര്‍ട്ടി ടിക്കറ്റില്‍ ജനവിധി തേടുന്നത്.
എസ്ഡിപിഐക്ക് നിര്‍ണായക സ്വാധീനമുള്ള ബംഗളൂരു ഹെബ്ബാളില്‍ അഡ്വ. മുഹമ്മദ് ത്വാഹിറാണ് സ്ഥാനാര്‍ഥി. ഗുല്‍ബര്‍ഗ സിറ്റി നിയമസഭാ മണ്ഡലത്തില്‍ മുഹമ്മദ് മുഹ്‌സിനും മംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ കെ അബ്ദുല്‍ ജലീലും എസ്ഡിപിഐ സ്ഥാനാര്‍ഥികളായി ജനവിധി തേടും.
കഴിഞ്ഞ 2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 25 സീറ്റിലാണ് സംസ്ഥാനത്ത് എസ്ഡിപിഐ ജനവിധി തേടിയത്. മിക്ക മണ്ഡലങ്ങളിലും വന്‍ മുന്നേറ്റമാണ് പാര്‍ട്ടി കാഴ്ചവച്ചത്. സംസ്ഥാനത്ത് 50 മണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ എസ്ഡിപിഐ പ്രധാന ഘടകമാണെന്നാണു പൊതു വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും എസ്ഡിപിഐ സംസ്ഥാനത്ത് വലിയ മുന്നേറ്റമാണു കാഴ്ചവച്ചത്. ബംഗളൂരു കോര്‍പറേഷനില്‍ എസ്ഡിപിഐ അക്കൗണ്ട് തുറന്നു. മൈസൂരു കോര്‍പറേഷനില്‍ പാര്‍ട്ടിക്ക് നാല് കൗണ്‍സിലര്‍മാരുണ്ട്. ശിവമോഗ, ഗുല്‍ബര്‍ഗ കോര്‍പറേഷനുകളില്‍ ഓരോ സീറ്റുകള്‍ വീതം നേടി.
മടിക്കേരി സിറ്റി മുനിസിപ്പല്‍ കോര്‍പറേഷനില്‍ നാലംഗങ്ങളും ചാമരാജ്‌നഗര്‍ മുനിസിപ്പാലിറ്റിയില്‍ നാല് കൗണ്‍സിലര്‍മാരും പാര്‍ട്ടിക്കുണ്ട്. മംഗളൂരു ബണ്ട്വാള മുനിസിപ്പല്‍ കോര്‍പറേഷനില്‍ മൂന്നംഗങ്ങളും സുള്ള്യ ടൗണ്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഒരംഗവും എസ്ഡിപിഐക്കുണ്ട്. ഇതിനു പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 74 ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളും എസ്ഡിപിഐക്കുണ്ട്.

RELATED STORIES

Share it
Top