കര്‍ണാടകയില്‍നിന്നു കടത്തിയ വന്‍ സ്‌ഫോടക ശേഖരം പിടികൂടി

ഇരിട്ടി: കര്‍ണാടകയില്‍നിന്ന് കടത്തിക്കൊണ്ടുവരികായിരുന്ന വന്‍ സ്‌ഫോടക വസ്തുശേഖരം പിടികടി. എക്‌സൈസ് സംഘം കിളിയന്തറ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് പിക്കപ്പ് വാനില്‍ ഗാര്‍ഡന്‍ പുല്‍ ഷീറ്റിനടിയില്‍ സൂക്ഷിച്ച നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
90 പെട്ടി ജലാറ്റിന്‍ സ്റ്റിക്ക്, 9 പെട്ടി ഫ്യൂസ് വയര്‍ എന്നിവയാണ് കസ്റ്റഡിയിലെടുത്തത്. പിക്കപ്പ് വാന്‍ ഡ്രൈവര്‍ തൃശൂര്‍ മണ്ണൂത്തി സ്വദേശി കളപ്പരമ്പില്‍ അഗസ്റ്റി(31)നെ അറസ്റ്റ് ചെയ്തു. പ്രതിയെയും തൊണ്ടിമുതലുകളും വാഹനവും പോലിസിനു കൈമാറി.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ ഐ പ്രഭാകരന്‍, ഹംസക്കുട്ടി, പ്രകാശന്‍ ആലക്കല്‍, കെ രാജീവന്‍, ബൈജേഷ്, മനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അതിര്‍ത്തി കടന്ന് വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് വാഹന പരിശോധന ശക്തമാക്കിയത്.
കഴിഞ്ഞ ദിവസം വീരാജ്‌പേട്ടയില്‍ നിന്നു വരികയായിരുന്ന സ്വകാര്യ ബസ്സിന്റെ കാബിനില്‍ നിന്ന് എട്ട് വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. ഇരിട്ടി എസ്‌ഐയുടെ നേതൃത്വത്തില്‍ അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയില്‍ ബംഗളൂരുവില്‍ നിന്നു വരികയായിരുന്ന ടൂറിസ്റ്റ്് ബസില്‍ നിന്നു ഒരു കോടിയോളം രൂപയുടെ രേഖകളില്ലാത്ത പണവും കണ്ടെത്തിയിരുന്നു. അതിര്‍ത്തിയിലെ വില്‍പന നികുതി ചെക് പോസ്റ്റ്് നിര്‍ത്തലാക്കിയതോടെ വന്‍തോതില്‍ കുഴല്‍പ്പണവും സ്‌ഫോടക വസ്തുക്കളും നിരോധിത പാന്‍ ഉല്‍പന്നങ്ങളും കടത്തുന്നത് വ്യാപകമായിട്ടുണ്ട്.
അതിര്‍ത്തി കടന്നെത്തുന്ന വാഹന പരിശോധനയ്ക്കു ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ജില്ലയിലെ നിരവധി കരിങ്കല്‍ ക്വാറികളിലേക്കു സ്‌ഫോടക വസ്തുക്കളെത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. മതിയായ രേഖകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് ഇവ എത്തിക്കുന്നത്.

RELATED STORIES

Share it
Top