കര്‍ണാടകയിലെ ഫ്‌ളാറ്റില്‍ കണ്ടെത്തിയ വോട്ടര്‍ ഐഡികള്‍ ഒറിജിനല്‍ തന്നെ; സംശയത്തിന്റെ നിഴല്‍ ബിജെപിയിലേക്ക്

ബംഗളൂരു: ബംഗളൂരുവിലെ അപാര്‍ട്ട്‌മെന്റില്‍ നിന്ന് കിട്ടിയ പതിനായിരത്തോളം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഒറിജിനല്‍ തന്നെയെന്ന് കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫിസര്‍ സഞ്ജീവ് കുമാര്‍ വ്യക്തമാക്കി. അടുത്ത ദിവസം കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സാധ്യമാവുന്നവരെ പണം നല്‍കി സ്വാധീനിക്കുന്നതിന്റെ ഭാഗമായാവാം ഐഡി കാര്‍ഡുകള്‍ ശേഖരിച്ചതെന്നാണ് കരുതുന്നത്.

ഐഡി കാര്‍ഡുകള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും പരസ്പരം ചെളി വാരി എറിയാന്‍ ആരംഭിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇരു പാര്‍ട്ടികളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുമുണ്ട്. ബുധനാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ വിഷയത്തില്‍ പ്രസ്താവനയുമായി രംഗത്തെത്തി. എന്തിനാണ് കോണ്‍ഗ്രസിന് വ്യാജ വോട്ടര്‍ ഐഡികള്‍? കോണ്‍ഗ്രസ് എന്താണ് കര്‍ണാടകയില്‍ ചെയ്യാന്‍ ശ്രമിക്കുന്നത്? ഇതായിരുന്നു മോദിയുടെ ചോദ്യം. ബിജെപി നുണയുടെ ഫാക്ടറി തുറന്നിരിക്കുകയാണെന്നായിരുന്നു ഇതേക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ മറുപടി.

അതേ സമയം, വോട്ടര്‍ ഐഡികള്‍ ഒറിജിനലാണെന്നു വ്യക്തമായതോടെ പ്രധാനമന്ത്രിയുടെ പ്രസ്താവന തന്നെ പൊളിഞ്ഞിരിക്കുകയാണ്. അതോടൊപ്പം വോട്ടര്‍ ഐഡി കണ്ടെത്തിയ ഫഌറ്റ് ബിജെപി ബന്ധമുള്ളവരുടേതാണെന്ന വസ്തുതയും പുറത്തുവന്നിട്ടുണ്ട്. മന്‍ജുള നന്‍ജമാരി എന്നയാളുടെയും മകന്‍ ശ്രീധറിന്റെയും ഉടമസ്ഥതയിലുള്ളതാണ് ഫഌറ്റ്. മന്‍ജുള നന്‍ജമാരി ബിജെപിയുടെ മുന്‍ കോര്‍പറേഷന്‍ അംഗമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപി ഇത് നിഷേധിച്ചിട്ടുണ്ടെങ്കിലും താന്‍ ബിജെപിയുടെ കോര്‍പറേഷന്‍ അംഗമായിരുന്നുവെന്ന കാര്യം മന്‍ജുളയും മകന്‍ ശ്രീധറും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. സജീവമല്ലെങ്കിലും ഇരുവരും ഇപ്പോഴും ബിജെപി അനുഭാവികളുമാണ്. എന്നാല്‍, ഫഌറ്റിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കി.

വോ്ട്ടര്‍ പട്ടികകളും മറ്റു ഫോമുകളും സൂചിപ്പിക്കുന്നത് മണ്ഡലത്തില്‍ തങ്ങള്‍ക്ക് എളുപ്പത്തില്‍ സ്വാധീനിക്കുന്നവരെ കണ്ടെത്താന്‍ വിശാലമായ സര്‍വേ നടത്തിയിരുന്നുവെന്നാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റാബേസിലേക്ക് നിയമവിരുദ്ധമായി കടന്ന് വ്യാജ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ നിര്‍മിക്കാനാണ് ഫഌറ്റ് ഉപയോഗിച്ചതെന്ന് നേരത്തേ ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍, അത് ശരിയല്ലെന്ന് കുമാര്‍ പറഞ്ഞു.
ഫഌറ്റ് വാടകക്കെടുത്തയാള്‍ കോണ്‍ഗ്രസ് ബന്ധമുള്ളയാളാണെന്നാണ് ബിജെപിയുടെ ആരോപണം. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നോട്ടീസുകളും വിസിറ്റിങ് കാര്‍ഡുകളും അപാര്‍ട്ട്‌മെന്റില്‍ നിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത് അവിടെ കൊണ്ടുവന്നിട്ടതാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

രാകേഷ് എന്നയാള്‍ നല്‍കിയ സൂചന അനുസരിച്ച് ചൊവ്വാഴ്ച്ച വൈകീട്ട് തങ്ങളാണ് ആദ്യം  ഫഌറ്റിലേക്ക് ചെന്നതെന്ന് ബിജെപി അവകാശപ്പെടുന്നു. നാല് മണിക്കൂറിനു ശേഷമാണ് പോലിസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും എത്തി അഞ്ച് കംപ്യൂട്ടറുകളും പ്രിന്ററുകളും ആയിരക്കണക്കിന് വോട്ടര്‍ ലിസ്റ്റ് ഫോമുകളുമുള്‍പ്പെടെ പിടിച്ചെടുത്തത്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top