കര്‍ണാടകയിലെ കൊട്ടുകഴിഞ്ഞു; ഇനി...?

ഇന്ദ്രപ്രസ്ഥം നിരീക്ഷകന്‍
കര്‍ണാടകയിലെ വോട്ട് പെട്ടിയിലായ സ്ഥിതിക്ക് നാട്ടുകാര്‍ക്ക് സമാധാനിക്കാം. നേതാക്കന്‍മാരുടെ വായില്‍ കിടക്കുന്ന തെറിയും വീരവാദങ്ങളും കേട്ട് ബോറടിക്കേണ്ടതില്ലല്ലോ. പുത്രന്‍മാരുടെ ശ്രേയസ്സിനു വേണ്ടി തപസ്സ് ചെയ്യുന്ന രാഷ്ട്രീയ പിതാക്കന്‍മാരുടെ വിലാപങ്ങളും സങ്കടങ്ങളും കേട്ടു മനസ്സലിയേണ്ടതില്ലല്ലോ. സാധാരണ ജനങ്ങള്‍ക്കും കുഞ്ഞുകുട്ടിപരാധീനങ്ങളും നൂറായിരം പ്രശ്‌നങ്ങളും ഉള്ളതാണ്. അവര്‍ നേതാക്കന്‍മാരുടെ പങ്കപ്പാടും കഷ്ടപ്പാടും കണ്ടും കേട്ടും സ്വന്തം കാര്യം മറന്നിരിക്കുകയായിരുന്നു. ഇനി തല്‍ക്കാലത്തേക്കെങ്കിലും അതിനൊരു ശമനമായല്ലോ.
കര്‍ണാടകയിലാണെങ്കില്‍ നാട്ടുകാര്‍ക്ക് ഓര്‍ക്കാന്‍ കാര്യങ്ങള്‍ വേറെയും ധാരാളമുണ്ട്. കാവേരി നദിയിലെ ജലം കഴിയുന്നതും സ്വന്തമാക്കിവച്ചിരിക്കുകയായിരുന്നു അവര്‍. പക്ഷേ, സുപ്രിംകോടതി പറയുന്നത് ആ പരിപാടി ഇനി നടപ്പില്ലെന്നാണ്. തമിഴ്‌നാടിനു കൊടുക്കാനുള്ള ജലം അങ്ങോട്ടു കൊടുക്കണം. അവര്‍ക്കും അവിടെ കൃഷിയും കുടിവെള്ളപ്രശ്‌നവും ഒക്കെയുണ്ട്. അത്തരം തലവേദനകള്‍ ഇനി എന്തൊക്കെ പുകിലാണോ സൃഷ്ടിക്കാന്‍ പോവുന്നത് എന്ന് പടച്ചവനു മാത്രമേ അറിയൂ. കാരണം, അത്ര സങ്കീര്‍ണമാണു സംഗതികള്‍. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തര്‍ക്കമാണ്. കോടതികള്‍ പലതും കയറി. തര്‍ക്കപരിഹാരത്തിനുള്ള കമ്മീഷന്റെ അന്തിമ വിധിയും വന്നു. അതു നടപ്പാക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. മുമ്പൊക്കെ ബന്ദും ഹര്‍ത്താലും പലതവണ നടത്തിയതാണ്. ഇനി അതൊന്നും നടപ്പില്ലെന്ന അവസ്ഥയുണ്ട്. വിധി ലംഘിക്കാന്‍ നോക്കിയാല്‍ കളി കാര്യമാവും. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വോട്ടെടുപ്പ് കഴിഞ്ഞിട്ടു മതി എന്നുവച്ച് മാറ്റിയിരിക്കുകയായിരുന്നു മോദിയും സംഘവും. ഈയാഴ്ച അവര്‍ കോടതിയില്‍ കാര്യം പറയണം. അതു മാറ്റിവയ്ക്കാന്‍ കേന്ദ്രത്തിന് ഇനിയൊരു പഴുതില്ല.
കാവേരി ജലം ഉണ്ടാക്കാന്‍ പോവുന്ന പ്രശ്‌നങ്ങള്‍ വരുന്ന സര്‍ക്കാരിന്റെ മുഖ്യ തലവേദനയായിരിക്കും. അതേപോലെ കടുത്ത ഭിന്നതകളും തലവേദനകളുമാണ് കഴിഞ്ഞുപോയ പ്രചാരണമാമാങ്കവും ഉയര്‍ത്തിവിട്ടിരിക്കുന്നത്. മോദിയാശാന്‍ വന്നത് അവസാന നാളുകളിലാണെങ്കിലും അങ്ങേരുടെ അമ്പത്തെട്ടുമുഴം നാവിന്റെ പ്രയോഗം ഉണ്ടാക്കിയ മുറിവ് അത്ര ചെറുതല്ല. കര്‍ണാടകയില്‍ വോട്ട് പിടിക്കാന്‍ എന്തിന് എവിടെയോ കിടക്കുന്ന സോണിയാമ്മയുടെ മെക്കിട്ടു കേറണം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പക്ഷേ, അതാണ് മോദിയാശാന്‍ ചെയ്തത്.
വിടുവായത്തങ്ങളുടെ ഘോഷയാത്രയാണ് പ്രചാരണവേളയില്‍ എങ്ങും കണ്ടത്. അവകാശവാദങ്ങളുടെ പെരുമ്പറ. വാഗ്ദാനങ്ങളുടെ മലവെള്ളപ്പാച്ചില്‍. ആരോപണങ്ങളുടെ കൂരമ്പുകള്‍. എല്ലാം ഒഴുകിയൊലിച്ചുപോവണമെങ്കില്‍ ഇത്തവണ സ്‌പെഷ്യല്‍ മഴ വേറെ വേണ്ടിവരും. കാരണം, അത്രയേറെ മാലിന്യമാണ് തെരുവുകളിലും മനുഷ്യരുടെ മനസ്സുകളിലും ഇപ്പോള്‍ അടിഞ്ഞുകൂടിയിരിക്കുന്നത്.
വോട്ട് പെട്ടിയിലായിട്ടും അവകാശവാദങ്ങള്‍ക്ക് ഒരു കുറവുമില്ല. തങ്ങള്‍ 130 സീറ്റ് ഒറ്റയ്ക്ക് നേടും എന്നാണ് അമിട്ടുഷാജി പറയുന്നത്. അങ്ങേര് ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു വലിയ തമാശയാണ്. കാരണം, നൂറുശതമാനം വിജയത്തില്‍ കുറഞ്ഞ് ഒന്നും ഗുജറാത്തി മഹോദയന് സ്വീകാര്യമല്ല. കര്‍ണാടകയില്‍ തോറ്റുതൊപ്പിയിട്ട യെദ്യൂരപ്പയെയും ബെല്ലാരി രാജാക്കന്‍മാരെയും മുന്‍നിര്‍ത്തിയാണ് അമിട്ടുഷാജി പറയുന്നത് തങ്ങള്‍ക്കു ജനപിന്തുണ കലശലാണെന്ന്. ജനം താമരയ്ക്കു കുത്തിയേ അന്നപാനം പോലും കഴിക്കൂ എന്നാണ് അമിട്ടു മഹോദയന്‍ കണ്ടെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ്സും പ്രതീക്ഷയില്‍ തന്നെ. ഭരണം മോശമല്ല എന്നതു മാത്രമല്ല കാരണം. യെദ്യൂരപ്പ വീണ്ടും വന്നാല്‍ എന്താവും നാടിന്റെ ഗതിയെന്ന് അക്കാലത്തെ കാര്യങ്ങള്‍ ഓര്‍ക്കുന്ന വോട്ടര്‍മാര്‍ക്ക് അറിയാത്തതല്ലല്ലോ. അതിനാല്‍ യെദ്യൂരപ്പ-ബെല്ലാരിരാജാ സംഘത്തെ പേടിച്ച് ജനം സിദ്ധരാമയ്യക്ക് വോട്ടു ചെയ്യും എന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ.
പ്രതീക്ഷയുമായി നില്‍ക്കുന്ന വേറെയും കൂട്ടരുണ്ട്. കര്‍ഷകജനങ്ങളുടെ രോമാഞ്ചം ദേവഗൗഡ തന്റെ മകന്‍ കുമാരസ്വാമി ഇത്തവണ തീര്‍ച്ചയായും മുഖ്യമന്ത്രിയാവുമെന്നു പ്രതീക്ഷിക്കുന്നു. അതിനു വേണ്ടിവന്നാല്‍ അമിട്ടുഷാജിയുടെ മുന്നില്‍ മുട്ടുകുത്താനും കാര്‍ന്നോര് റെഡിയാണ്.                                                          ി

RELATED STORIES

Share it
Top