കര്‍ണാടകയിലൂടെ പുതിയ മുന്നേറ്റം

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിതമായ വഴിത്തിരിവാണ് ഉണ്ടാക്കിയത്. ഹിന്ദി മേഖലയ്ക്കു പിറകെ ത്രിപുര ഉള്‍പ്പെട്ട ഉത്തര-പൂര്‍വ ദേശങ്ങള്‍ കീഴടക്കി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ബിജെപി കര്‍ണാടക വഴി ദക്ഷിണേന്ത്യ പിടിക്കാനാണ് വന്നത്. പക്ഷേ, സംഭവിച്ചത് മോദി ഗവണ്മെന്റിനെ പരാജയപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ പോര്‍മുഖത്തിന്റെ കവാടമായി കര്‍ണാടക മാറിയതാണ്.
ജെഡിയു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് മുന്നണി ഗവണ്മെന്റ് അധികാരമേറ്റതിനെ സാധൂകരിക്കുംവിധം കുമാരസ്വാമി ഗവണ്മെന്റ് വിശ്വാസവോട്ട് നേടി. സ്ഥാനാര്‍ഥിയെ നിര്‍ത്തി മല്‍സരിച്ച ബിജെപി സ്പീക്കര്‍ തിരഞ്ഞെടുപ്പിലും വിശ്വാസ വോട്ടെടുപ്പിലും പങ്കെടുക്കാതെ പരാജയം സ്വയം പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍, ഇതിലും പ്രധാനമാണ് ജനവിധിയുടെ തുടര്‍ച്ചയായി കര്‍ണാടകയില്‍ രൂപപ്പെട്ട ദേശീയതല സാന്നിധ്യമുള്ള മതനിരപേക്ഷ കക്ഷികളുടെ ആകസ്മികമായ പുതിയ കൂട്ടായ്മ. കൂടിയാലോചനകളിലൂടെയും കൂട്ടായ സമരങ്ങളിലൂടെയും ഡല്‍ഹി കേന്ദ്രീകരിച്ചു മാത്രം രൂപപ്പെട്ടുപോന്നതായിരുന്നു ദേശീയതലത്തിലെ പ്രതിപക്ഷ രാഷ്ട്രീയ മുന്നേറ്റങ്ങള്‍. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ്-ഐക്കും ബിജെപിക്കുമെതിരേ ഇതിനു മുമ്പുണ്ടായ രാഷ്ട്രീയ മുന്നണികള്‍. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയുടെ തെക്കുദേശങ്ങളിലൊന്നിലെ രാഷ്ട്രീയം തിളച്ചുപൊങ്ങി ദേശീയതല പോരാട്ടത്തിനുള്ള രാഷ്ട്രീയ ശക്തിക്ക് ജന്മം നല്‍കുന്ന യജ്ഞമായി മാറിയതാണ് കര്‍ണാടകയില്‍ കണ്ടത്.
പ്രമുഖ സംസ്ഥാനങ്ങളിലെ പല മുഖ്യമന്ത്രിമാരും ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളും കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യം വഹിക്കുക മാത്രമല്ല ചെയ്തത്. ആര്‍എസ്എസ്-ബിജെപി നയിക്കുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദി ഗവണ്മെന്റിനെ എതിര്‍ത്തു തോല്‍പിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഒന്നിച്ചുണ്ടാകുമെന്ന് വിധാന്‍ സൗധയിലെ സത്യപ്രതിജ്ഞാവേദിയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പുകൊടുക്കുകയുമായിരുന്നു.
സംസ്ഥാനത്തിനകത്ത് വൈരാഗ്യവും പകയും രാഷ്ട്രീയ കൈമുതലാക്കി പരസ്പരം കടിച്ചുകീറിയും കുതികാല്‍വെട്ടിയും നയപരമായി അസ്പൃശ്യത പുലര്‍ത്തിയും പോന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ തിരിച്ചറിവിന്റെയും തിരുത്തലിന്റെയും പരസ്പര വിശ്വാസത്തിന്റെയും പ്രതിരൂപങ്ങളായി മാറുന്ന കാഴ്ചയാണ് അവിടെ കണ്ടത്. വൈരുദ്ധ്യങ്ങളും പ്രതിസന്ധികളും ഇനിയും ഉള്‍ക്കൊള്ളുന്നുണ്ടെന്ന വസ്തുത മറന്നുകൊണ്ടല്ല ഇതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നത്.
കോണ്‍ഗ്രസ്സുമായി ഒന്നിച്ചു വേദി പങ്കിടില്ലെന്ന വാശിക്കെതിരേ മൂന്നു വര്‍ഷത്തിലേറെ നീണ്ട ഉള്‍പ്പാര്‍ട്ടി പോരാട്ടം നടത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൈ ഉയര്‍ത്തിപ്പിടിച്ച് നേതൃവലയത്തിന്റെ മധ്യത്തില്‍ നിലകൊണ്ടത്. മായാവതിയുടെ കൈ സോണിയാ ഗാന്ധി ദൃഢമായി പിടിച്ചുയര്‍ത്തി പരസ്പരം സ്‌നേഹവാല്‍സല്യങ്ങള്‍ ചൊരിഞ്ഞു. സിപിഎമ്മുമായി കൊടും ശത്രുതയില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വേദിയില്‍ നിറഞ്ഞുനിന്നു.
മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശി തേജസ്വി യാദവ്, എന്‍സിപി നേതാവ് ശരത് പവാര്‍, അടുത്തിടവരെ എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്തിന് നരേന്ദ്ര മോദി, ബിജെപി-ആര്‍എസ്എസ് എന്നീ രാഷ്ട്രീയ പ്രതിയോഗികളേക്കാള്‍ അപകടകാരികളായി കോണ്‍ഗ്രസ്സിനെ കാണുന്ന കേരളത്തിലെ സിപിഎം മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും അവിടെ പ്രത്യക്ഷപ്പെട്ടു.
രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളില്‍ അതിരൂക്ഷമാകുന്ന വിലക്കയറ്റം ഉള്‍പ്പെടെ സാമ്പത്തിക നയങ്ങള്‍ക്കെതിരായ യോജിച്ച പോരാട്ടത്തിന് ഈ രാഷ്ട്രീയ സംഗമം വാതില്‍ തുറന്നു. ഇന്ധനവിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ദേശവ്യാപക സമരം നടത്തുമെന്ന മുന്നറിയിപ്പു നല്‍കിയതിന്റെ രാഷ്ട്രീയ ഊര്‍ജം കര്‍ണാടകയുടെ തുടര്‍ച്ചയായി വേണം വിലയിരുത്താന്‍. ജനങ്ങളും രാജ്യതാല്‍പര്യങ്ങളുമായി ബന്ധപ്പെട്ട മുന്‍ഗണനാ വിഷയങ്ങളില്‍ കൂട്ടായ പോര്‍മുഖങ്ങള്‍ സംസ്ഥാനങ്ങളിലും ദേശവ്യാപകമായും ഉയരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണിത്.
കോണ്‍ഗ്രസ്സിനും ബിജെപിക്കും ജനതാദളിനും ഒറ്റയ്ക്കു ഭരിക്കാന്‍ പിന്തുണ ഉണ്ടായിരുന്നില്ല. കുറേ സ്വതന്ത്രരെ വിജയിപ്പിച്ച് കുതിരക്കച്ചവടത്തിനു ജനങ്ങള്‍ അനുമതി നല്‍കിയില്ല. ബിജെപിക്ക് മറ്റാരുമായി ചേര്‍ന്നും ഒറ്റയ്ക്കും ഭരിക്കാനുള്ള അനുമതിയും നിഷേധിച്ചു. ആ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സും ജനതാദളും ചേര്‍ന്ന് തിരഞ്ഞെടുപ്പിനു ശേഷമുള്ള മുന്നണി രൂപീകരിച്ച് ഭരണം കൈയാളുക എന്നതാണ് ഏക മാര്‍ഗം.
കോണ്‍ഗ്രസ്സും ബിജെപിയും വഴിമാറി രണ്ടാമത്തെ പാര്‍ട്ടിക്ക് ഇതിനു മുമ്പ് ഭരണം കൈമാറിയിട്ടുണ്ട്. നിയമസഭയാണ് ഭൂരിപക്ഷം തെളിയിക്കേണ്ട വേദിയെന്ന് വെള്ളിയാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പോടെ കര്‍ണാടകയും തെളിയിച്ചു.
ഒറ്റയ്ക്കു ഭരിക്കാന്‍ കഴിയുമെന്ന അഹന്ത കോണ്‍ഗ്രസ്സിന് ഉണ്ടായിരുന്നതുകൊണ്ടാണ് ബിജെപിയെ കൂട്ടായി എതിര്‍ക്കാതെ ജനതാദള്‍-എസും കോണ്‍ഗ്രസ്സും ഏറ്റുമുട്ടിയത്. ആ തെറ്റ് തിരുത്തി കോണ്‍ഗ്രസ് തന്നെ ശരിയായ വഴിക്കു വന്നു. രണ്ടാമത്തെ പാര്‍ട്ടിയായ ജനതാദള്‍-യുവിന്റെ നേതാവ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ അവര്‍ തയ്യാറായി. കേരളത്തില്‍ ഒന്നാം കക്ഷിയായിട്ടും അച്യുതമേനോനെ മുഖ്യമന്ത്രിയാക്കാന്‍ ഇന്ദിരാഗാന്ധി നിര്‍ദേശിച്ച നിലപാടാണ് സോണിയാഗാന്ധി കുമാരസ്വാമിയുടെ കാര്യത്തില്‍ സ്വീകരിച്ചത്. 2006ല്‍ അച്ഛന്‍ ദേവഗൗഡയെ ധിക്കരിച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കിയതിലെ തെറ്റ് ഏറ്റുപറഞ്ഞാണ് കുമാരസ്വാമി നിയമസഭയില്‍ വിശ്വാസവോട്ട് തേടിയത്; എന്നും മതേതരവാദിയായി തുടരുമെന്ന് ഉറപ്പു നല്‍കിക്കൊണ്ട്.
ആര്‍എസ്എസ് നയിക്കുന്ന ബിജെപി മുന്നണിയെ പരാജയപ്പെടുത്തുകയാണ് ഏറ്റവും മുഖ്യ പ്രശ്‌നമെന്ന കാര്യത്തില്‍ സ്വയം മാറാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിര്‍ബന്ധിതമാകുന്ന പുതിയ രാഷ്ട്രീയാന്തരീക്ഷം രാജ്യത്ത് രൂപപ്പെട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇതിന്റെ സ്വാധീനം ദേശവ്യാപകമായി ഉണ്ടാകും. അതിന്റെ സ്വാധീനം ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലും ഉണ്ടാകും. അതാകട്ടെ, ബിജെപിയുടെ മോഹത്തിനും എല്‍ഡിഎഫിന്റെ അവകാശവാദത്തിനും എതിരാകാനേ സാധ്യതയുള്ളൂ.
ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ പുതിയൊരു ഘട്ടം കുറിച്ച കര്‍ണാടകയിലെ പ്രതിപക്ഷ രാഷ്ട്രീയ ഐക്യത്തിന്റെ കാറ്റിനെതിരാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം മുന്നോട്ടുവച്ച രാഷ്ട്രീയം. പുതിയ രാഷ്ട്രീയത്തിനു കാറ്റുപിടിപ്പിക്കുന്നതിനു പകരം കോണ്‍ഗ്രസ്സിനെ തോല്‍പിക്കുക എന്ന അജണ്ടയാണ് സിപിഎം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. 22ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏല്‍പിച്ച രാഷ്ട്രീയ ദൗത്യവും ജനറല്‍ സെക്രട്ടറി യെച്ചൂരി കര്‍ണാടകയിലെത്തി കാണിച്ച രാഷ്ട്രീയ വ്യക്തതയും ചെങ്ങന്നൂരില്‍ സിപിഎം പുലര്‍ത്തിയിട്ടില്ല.
എതിര്‍പ്പിന്റെ കുന്തമുന ബിജെപിയില്‍ നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയിലേക്കു കേന്ദ്രീകരിച്ചുകൊണ്ടുള്ള പോരാട്ടം ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് നേടാനുള്ള പരോക്ഷ സഹായമായി മാറുകയായിരുന്നു. എങ്കിലും ജെഡിയു കൂടി ഘടകകക്ഷിയായിട്ടുള്ള എല്‍ഡിഎഫിന് ഇന്ത്യയാകെ വീശാന്‍ പോകുന്ന ബിജെപിക്കെതിരായ കര്‍ണാടകക്കാറ്റ് ചെങ്ങന്നൂരില്‍ പ്രതികൂലമാവും. ബിജെപിയെ മുഖ്യശത്രുവായി കാണുന്നവരെല്ലാം സിപിഎമ്മിന്റെ ഈ രാഷ്ട്രീയ അടവിന്റെ അപകടം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്ന സാഹചര്യം രൂപപ്പെടുന്നുണ്ട്. കെ എം മാണിയുടെ വരവിനേക്കാളും ബിഡിജെഎസിന്റെയും എസ്എന്‍ഡിപിയുടെയും ബിജെപിക്കെതിരായ നിലപാടിനേക്കാളും യുഡിഎഫിനുള്ള അനുകൂല ഘടകം കര്‍ണാടക മുന്നോട്ടുവയ്ക്കുന്ന ബിജെപി വിരുദ്ധ രാഷ്ട്രീയമാണ്.
നരേന്ദ്ര മോദിയോടും ബിജെപിയോടും പിണറായി വിജയനും സിപിഎം സംസ്ഥാന ഘടകവും പുലര്‍ത്തുന്ന മൃദുസമീപനം ചെങ്ങന്നൂരില്‍ ഇതിനകം വിവാദമായിട്ടുമുണ്ട്. രാഷ്ട്രീയ വൈരുദ്ധ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ വിദഗ്ധനായ എ കെ ആന്റണിയാണ് പിണറായിയെ തുറന്നുകാട്ടിയത്. രാജ്യത്തെ 28 മുഖ്യമന്ത്രിമാരില്‍ പിണറായി വിജയനു മാത്രമാണ് മുന്‍കൂട്ടി അറിയിക്കാതെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ കടന്നുചെല്ലാന്‍ അനുവാദമുള്ളതെന്ന ആന്റണിയുടെ വെളിപ്പെടുത്തല്‍ പിണറായി നിഷേധിച്ചിട്ടില്ല.
പിണറായിയും കോടിയേരിയും യെച്ചൂരിയെ എതിര്‍ക്കുന്നത് നരേന്ദ്ര മോദിക്കു വേണ്ടിയാണെന്നും ബിജെപിയേക്കാള്‍ കോണ്‍ഗ്രസ് വരുന്നത് തടയുകയാണ് ലക്ഷ്യമെന്നും ആന്റണി പറയുന്നു. കേന്ദ്രം കേരളത്തെക്കുറിച്ച് നല്ലതു പറയുമ്പോള്‍ അങ്ങനെയല്ലെന്നു പറയണോ എന്നാണ് പിണറായിയുടെ ചോദ്യം.                         ി

(കടപ്പാട്: വള്ളിക്കുന്ന്
ഓണ്‍ലൈന്‍.വേര്‍ഡ്പ്രസ്.കോം)

RELATED STORIES

Share it
Top