കര്‍ണാടകത്തിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന് താലൂക്ക് വികസന സമിതി

ഇരിട്ടി: അന്തര്‍സംസ്ഥാനപാതയിലെ കൂട്ടുപുഴയില്‍ നിര്‍മിക്കുന്ന പുതിയ പാലംപ്രവൃത്തിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ണാടകത്തിലേക്ക് സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കര്‍ണാടക വനംവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പാലത്തിന്റെ മാക്കൂട്ടം ഭാഗത്തേക്കുള്ള നിര്‍മാണം നിര്‍ത്തിവച്ചിട്ട് മൂന്നുമാസമായി.
കൈയേറ്റം ആരോപിച്ചാണ് കര്‍ണാടക വനം വകുപ്പ് നിര്‍മാണം തടഞ്ഞത്. പാലം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിവിധ കക്ഷി നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രതിസിന്ധി പരിഹരിക്കാന്‍ നിരവധി തവണ ഇടപെട്ടിട്ടും ഫലമുണ്ടായില്ലെന്ന് അധ്യക്ഷത വഹിച്ച സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.
ഇരുസംസ്ഥാനങ്ങളിലെയും യാത്രക്കാരുടെ പൊതുപ്രശ്‌നമെന്ന നിലയില്‍ ബംഗളൂരുവിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. സംഘത്തില്‍ ഉന്നത റവന്യൂ-പൊതുമാരാമത്ത് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തണം. കര്‍ണാടക മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുമായി ചര്‍ച്ച നടത്തണം. പാലം വിഷയം രാഷ്ട്രീയപ്രശ്‌നമാക്കി മാറ്റാനുള്ള ശ്രമവും കര്‍ണാടകയില്‍ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതായും എംഎല്‍എ പറഞ്ഞു.
കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. വന്‍തോതില്‍ കുഴല്‍ക്കിണര്‍ നിര്‍മാണം നടക്കുകയാണ്. പഞ്ചായത്തുകള്‍ക്ക് ഇത് തടയാന്‍ കഴിയുന്നില്ല. കുഴല്‍ക്കിണല്‍ കുഴിക്കാനുള്ള അപേക്ഷ പഞ്ചായത്തില്‍ ലഭിച്ചാല്‍ ആവശ്യം ന്യായമാണോയെന്ന് ഭൂഗര്‍ഭജല വിഭവ വകുപ്പ് പരിശോധിക്കണം. ആവശ്യമാണെന്നു കണ്ടാല്‍ അനുമതി നല്‍കണം. എന്നാല്‍ ഇത്തരത്തില്‍ ഒരു സംവിധാനവും ഇപ്പോഴില്ലെന്ന് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ പറഞ്ഞു. കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ കുഴല്‍ക്കിണല്‍ കുഴിക്കുന്നതിന് പഞ്ചായത്ത് സ്ഥലം ലഭ്യമാക്കിയാല്‍ അനുമതി ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ അറിയിച്ചു.
കെഎസ്ടിപിയുടെ ഇരിട്ടി ടൗണ്‍ റോഡ് വികസനത്തില്‍ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. റവന്യൂഭൂമി കൈയേറി സ്ഥാപിച്ച കെട്ടിടഭാഗങ്ങള്‍ പൊളിച്ചുനീക്കി ആ സ്ഥലംകൂടി റോഡ് വികസനത്തിന് ഉപയോഗിക്കണം. വ്യാപാരികളുടെ ആശങ്ക പരിഹരിക്കാന്‍ വിപുലമായ യോഗം വിളിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top