കരുവാരക്കുണ്ടില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്ത്

കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രമാപ്പഞ്ചായത്തില്‍ പതിനൊന്ന് മാസത്തെ സിപിഎം-കോണ്‍ഗ്രസ്സ് ഭരണത്തിന് തിരശ്ശീല വീണു. 21 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ മുസ്്‌ലിംലീഗ് 9, കോണ്‍ഗ്രസ്സ് 7, സിപിഎം സ്വതന്ത്രനുള്‍പെടെ 5 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്്‌ലിംലീഗും-കോണ്‍ഗ്രസ്സും വേറിട്ടാണ് മല്‍സരിച്ചിരുന്നത്. പിന്നീട് ഒമ്പത് അംഗങ്ങളുള്ള ലീഗ് ഒറ്റയ്ക്ക് ഭരണം നടത്തുകയായിരുന്നു.
ഇതിനെതിരേ കോണ്‍ഗ്രസ്സ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സിപിഎം സഹകരണത്തോടെ പാസായി. തുടര്‍ന്ന് നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്രന്‍ ലത്തീഫ് മീത്തില്‍ പ്രസിഡന്റും, സിപിഎം അംഗം സി കെ ബിജിന വൈസ് പ്രസിഡന്റുമായി. സംസ്ഥാന,ജില്ലാ നേതൃത്വം ഇടപെട്ട് കഴിഞ്ഞ മാസം യുഡിഎഫ് സംവിധാനം പുനസ്ഥാപിച്ചതിനെ തുടര്‍ന്ന് ഭരണസമിതിക്കെതിരേ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു. അഞ്ചിനെതിരേ 15 വോട്ടുകള്‍ക്ക് അവിശ്വാസം പാസായതിനെ തുടര്‍ന്നാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്തായത്.
കോണ്‍ഗ്രസ്-ലീഗ് ധാരണ പ്രകാരം അടുത്ത പത്തുമാസം കോണ്‍ഗ്രസും തുടര്‍ന്ന് മുസ്്‌ലിംലീഗും ഭരണം പങ്കിടും.

RELATED STORIES

Share it
Top