കരുവള്ളി മുഹമ്മദ് മൗലവി അന്തരിച്ചു

രാമപുരം (മലപ്പുറം): സാമൂഹികപരിഷ്‌കര്‍ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ കരുവള്ളി മുഹമ്മദ് മൗലവി (99) അന്തരിച്ചു. ഒരാഴ്ചയിലധികമായി കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്നലെ രാവിലെ 11.45നായിരുന്നു അന്ത്യം.
കേരളത്തിലെ ആദ്യ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍, ആദ്യ സര്‍ക്കാര്‍ അറബി അധ്യാപകന്‍, മലബാറില്‍ നിന്നുള്ള പ്രഥമ എസ്എസ്എല്‍സി ബാച്ചിലെ വിജയിയായ ആദ്യ മുസ്‌ലിം വിദ്യാര്‍ഥി, വള്ളുവനാട്ടിലെ പ്രഥമ ഇഎസ്എസ്എല്‍സി വിജയി, മലബാറില്‍ നിന്നുള്ള ആദ്യ അഫ്ദലുല്‍ ഉലമ ബിരുദ ജേതാവ്, കേരളത്തിലെ സലഫി പ്രസ്ഥാനങ്ങളുടെ മുന്‍നിര നേതാവ്, കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര കൂടിയാലോചനാ സമിതിയംഗം, കെഎടിഎഫ് സ്ഥാപക പ്രസിഡന്റുമായിരുന്നു കരുവള്ളി മുഹമ്മദ് മൗലവി.
പരേതനായ കരുവള്ളി ഹൈദര്‍ മുസ്‌ല്യാരുടെയും കടുങ്ങപുരം കരുവടി ഖദീജയുടെയും മകനായി 1919 ഏപ്രില്‍ ഏഴിന് ജനിച്ചു. 1962ല്‍ ഉത്തരമേഖലാ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി. ഇസ്‌ലാം വിവിധ ഭൂഖണ്ഡങ്ങളില്‍, ശിര്‍ക്ക് എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്.  പരേതയായ മങ്കട കൂട്ടില്‍ കുന്നശ്ശേരി പോക്കു മുസ്‌ല്യാരുടെ മകള്‍ ആയിശയായിരുന്നു ആദ്യ ഭാര്യ. ഇവരുടെ മരണശേഷം കരിഞ്ചാപ്പാടിയിലെ കരുവള്ളി മറിയമ്മുവിനെ വിവാഹം ചെയ്തു. മക്കള്‍: ഷമീമ, നാജിയ. മരുമക്കള്‍: ഹനീഫ, ഷമീര്‍ അലി. സഹോദരി: പരേതയായ എന്‍ കെ ഫാത്തിമ. പടപ്പറമ്പ് പാറമ്മല്‍ എല്‍പി സ്‌കൂളിലെ പൊതുദര്‍ശനത്തിനുശേഷം കരിഞ്ചാപ്പാടി മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

RELATED STORIES

Share it
Top