കരുവന്‍പൊയില്‍ അങ്ങാടി റീസര്‍വേ നടത്തി സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യം ശക്തം

കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ പ്രധാന അങ്ങാടികളിലൊന്നായ കരുവന്‍പൊയില്‍ അങ്ങാടി റീസര്‍വെ നടത്തണമെന്ന ആവശ്യം ശക്തമായി. റോഡിന് വീതി വളരെ കുറവായതിനാല്‍ അങ്ങാടിയില്‍ ഗതാഗതക്കുരുക്ക് പതിവായിരിക്കുകയാണ്. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ വരിട്ട്യാക്കില്‍- താമരശ്ശേരി റോഡിലാണ് കരുവന്‍പൊയില്‍ അങ്ങാടി സ്ഥിതി ചെയ്യുന്നത്.
വീതി കുറവു കാരണം രണ്ട് ബസുകള്‍ വന്നാല്‍ സൈഡ് കൊടുക്കാന്‍ ഏറെ പ്രയാസപ്പെടുകയാണ് ഇവിടെ. കുന്ദമംഗലത്തിനും താമരശ്ശേരിക്കുമിടയില്‍ വലിയ അപകടമോ ഗതാഗത തടസ്സമോ ഉണ്ടായാല്‍ കുന്ദമംഗലത്തു നിന്നും വയനാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കടത്തിവിടുന്നത് വരിട്ട്യാക്ക് താമരശ്ശേരി റൂട്ടിലൂടെയാണ്. ഈ സമയത്ത് കരുവന്‍പൊയിലിലെ ഇടുങ്ങിയ റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പ്രയാസം നേരിടുന്നു.
വരിട്ട്യാക്കില്‍  താമരശ്ശേരി റോഡ് വിപുലീകരണ പ്രവൃത്തികള്‍ നടക്കുകയാണിപ്പോള്‍. വിപുലീകരണ പ്രവൃത്തികള്‍ക്കായി സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കരുവന്‍പൊയില്‍ അങ്ങാടി റീസര്‍വെ നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. കരുവന്‍പൊയില്‍ അങ്ങാടിയിലെ റോഡിന് ഇരു ഭാഗങ്ങളിലുമായി ധാരാളം സ്ഥലം പിഡബ്ല്യുഡിയുടെതായിട്ടുണ്ടെന്നും ഇത് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കയ്യടക്കിവെച്ചിരിക്കുകയാണെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. അങ്ങാടിയില്‍ ധാരാളം സ്ഥലം സര്‍ക്കാര്‍ ഭൂമിയായിട്ടുണ്ടായിരുന്നെന്നാണ് പഴമക്കാരും പറയുന്നത്. എന്നാല്‍, അങ്ങാടിയില്‍ ഇപ്പോള്‍ സൗകര്യപ്രദമായ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം പോലും നിര്‍മിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്.
കൊടുവള്ളി നഗരസഭയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് കരുവന്‍പൊയിലിലാണ്. ഇവിടെ കെജിതലം മുതല്‍ പ്ലസ്ടു വരെ മൂവായിരത്തോളം കുട്ടികളാണ് പഠിക്കുന്നത്. ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന രണ്ട് മദ്രസകളും എഴുന്നൂറില്‍പ്പരം കുട്ടികള്‍ പഠിക്കുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസ് കഴിയുമ്പോള്‍ കരുവന്‍പൊയില്‍ അങ്ങാടിയില്‍ നിന്നു തിരിയാന്‍ ഇടമില്ലാത്ത അവസ്ഥയാണ്.
വാഹനങ്ങള്‍ വരുമ്പോള്‍ കുട്ടികള്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ അധ്യാപകരും നാട്ടുകാരും റോഡിലിറങ്ങി ശ്രദ്ധിക്കുകയാണ് പതിവ്. കരുവന്‍പൊയില്‍ അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് പ്രദേശത്തെ റോഡിന്റെ ഇരുഭാഗത്തേയും ഒന്നര കിലോമീറ്റര്‍ ദൂരം സര്‍വെ നടത്തി സ്വകാര്യ വ്യക്തികള്‍ നടത്തിയ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ടി പി നാസര്‍ പൊതുമരാമത്ത്  മന്ത്രി ജി സുധാകരന്‍, സ്ഥലം എംഎല്‍എ കാരാട്ട് റസാഖ്, ജില്ലാ കലക്ടര്‍, ജില്ലാ സര്‍വെ ഓഫീസര്‍, പിഡബ്ല്യുഡിചീഫ് എഞ്ചിനീയര്‍, പിഡബ്ല്യുഡി ഡിവിഷണല്‍ എഞ്ചിനീയര്‍ (റോഡ് വിഭാഗം) എന്നിവര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.

RELATED STORIES

Share it
Top