കരുളായി വനത്തില്‍ മൃഗവേട്ട; രണ്ടു പേര്‍ പിടിയില്‍

കരുളായി: കരുളായി വനത്തില്‍ നിന്നും പുള്ളിമാനെ വേട്ടയാടിയ സംഘത്തിലെ 2 പേരെ വനപാലകര്‍ പിടികൂടി. കരുളായി വാരിക്കല്‍ സ്വദേശി തെക്കുംപുറത്ത് അബ്ദുള്‍സലാം, മൂത്തേടം സ്വദേശിയായ പന്തപാടന്‍ അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് വനപാലകര്‍ അറസ്റ്റ് ചെയ്യ്തത്. ഈ കേസിലെ മറ്റ് പ്രതികളായ മൊടവന്‍കുലവന്‍ ശരീഫ്, സുധീര്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പേരറിയാത്ത ചിലരും സംഘത്തിലുള്ളതായാണ് സൂചന. അവര്‍ക്കായും തിരച്ചില്‍ നടത്തുന്നുണ്ട്.ബുധനാഴ്ച്ച പുലര്‍ച്ചെയാണു സംഭവം. നെടുംങ്കയം ഫോറസ്റ്റ് സ്റ്റേഷനു പിന്‍ഭാഗത്തെ ചിരല്‍മാടിനു സമീപത്ത് നിന്നും പട്രോളിങിനിറങ്ങിയ വനപാലകര്‍ വെടിയൊച്ച കേള്‍ക്കുകയായിരുന്നു. ഇത് കേട്ടു സ്ഥലത്തെത്തിയ വനപാലകരെ കണ്ടതോടെ വേട്ടക്കാര്‍ ചിതറിയോടി. തുടര്‍ന്ന് വളയംകുണ്ടിനു സമീപത്ത് വച്ച് ഇവരെ പിടിക്കൂടുകയായിരുന്നുവെന്നു കരുളായി റേഞ്ച് ഓഫിസര്‍ കെ വി ബിജു പറഞ്ഞു. വേട്ടയാടിയ  മൂന്ന് വയസ് പ്രായമായ പെണ്‍ പുള്ളിമാന്റെ ജഢവും, നാടന്‍ തോക്കും, ഓട്ടോറിക്ഷയും ബൈക്കും ഉള്‍പ്പെയുള്ളവ വനപാലകര്‍ പിടിച്ചെടുത്തു. വനപാലകര്‍ പിടിച്ചെടുത്ത മാനിന്റെ ജഢം കരുളായി വെറ്ററിനറി സര്‍ജന്‍ ഡോ. എ ആര്‍ ഷാലി പോസ്റ്റ്‌മോര്‍ട്ടം നടത്തി. കരുളായി നെടുംങ്കയം ഡെപ്യൂട്ടി റേഞ്ചര്‍ എന്‍ ബാബുരാജന്‍, പടുക്ക ഡെപ്യൂട്ടി റേഞ്ചര്‍ പി  സി ഷൂലപാണി, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ സി എസ് സതീഷ്‌കുമാര്‍, കെ സുനില്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ വി അനില്‍കുമാര്‍, സനൂപ് കൃഷ്ണ, കെ പി അനില്‍കുമാര്‍, വിനൂപ്, സുമിത്ത്, വാച്ചര്‍മാരായ മാലതി, മുരളീധരന്‍, എം സിദ്ധീഖ് എന്നിവരാണ് പ്രതികളെ പിടിക്കൂടിയ സംഘത്തിലുണ്ടായിരുന്നത്. മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മാവോവാദികളുടെ സാന്നിധ്യം മറയാക്കി വനത്തില്‍ വേട്ട സജീവമാവുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നു പരിശോധന ശക്തമാക്കാന്‍ ഡിഎഫ്ഒ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണു വേട്ട സംഘത്തെ പിടികൂടിയത്.

RELATED STORIES

Share it
Top