കരുനാഗപ്പള്ളി മോഷണം, നാലംഗ സംഘം പിടിയില്‍

കരുനാഗപ്പള്ളി:ചവറ, ശക്തികുളങ്ങര ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുകയും കടകള്‍, എടിഎം കൗണ്ടറുകള്‍ എന്നിവ കുത്തിതുറന്ന് കവര്‍ച്ച നടത്തിവന്ന നാലംഗ സംഘത്തെ കഴിഞ്ഞ ദിവസം രാത്രിയില്‍ കരുനാഗപ്പള്ളി പോലിസ് അറസ്റ്റു ചെയ്തു. കരുനാഗപ്പള്ളി മരുന്നൂര്‍കുളങ്ങര വടക്ക് രാജേഷ് ഭവനത്തില്‍ രാഹുല്‍ (18), ആദിനാട് തെക്ക് ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപം സച്ചു ഭവനത്തില്‍ സച്ചു (19), ആദിനാട് പനച്ചുംമൂട് മഹാരാഷ്ട്ര കോളനിയില്‍ ആനന്ദ് (18), പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവര്‍ കഴിഞ്ഞ രണ്ടു മാസക്കാലമായി കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും പത്ത് മോഷണങ്ങള്‍ നടത്തിയതായി പോലിസ് പറഞ്ഞു. മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി നടന്നാണ് മോഷണം നടത്തിവന്നത്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത കട്ടറുകള്‍ ഉപയോഗിച്ച് കടകളും എടിഎം കൗണ്ടറുകളും കുത്തി തുറന്നും എടിഎമ്മുകളിലെ സിസിടിവി കാമറകളില്‍ പേസ്റ്റ് തേച്ച് മറച്ചുമാണ് മോഷണം നടത്തിവന്നത്. കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജങ്ഷനിലെ മോബി മൊബൈല്‍ ഷോപ്പിലെ ഒരു ബൈക്ക് മോഷ്ട്ടിച്ചത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പോലിസ് പിടിയിലായത്. കൊല്ലം സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപ്പള്ളി എസിപിഎസ് ശിവ പ്രസാദ്, സി ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ് ഐ വി ശിവകുമാര്‍, ജ്യോതി സുധാകര്‍, ബിജു, നവാസ്,ബഷീര്‍, ഷാജിമോന്‍ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് മോഷ്ടാക്കളെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top