കരുനാഗപ്പള്ളി താലൂക്കില്‍ 30ഓളം വീടുകള്‍ തകര്‍ന്നു

കരുനാഗപ്പള്ളി:കനത്ത മഴയെ തുടര്‍ന്ന് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായി. രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും താലൂക്കിലെ മുപ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു.വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. മഴക്കെടുതി മൂലം കരുനാഗപ്പള്ളിയില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നു. കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും തൊടിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒട്ടുമിക്ക വാര്‍ഡുകളിലും തഴവ ഗ്രാമ പഞ്ചായത്തിലെ തഴവ,മണപ്പള്ളി,പാവുമ്പ എന്നീ പ്രദേശങ്ങളും പൂര്‍ണമായും വെള്ളക്കെട്ടിലായി.ഓച്ചിറ ഗ്രാമപ്പഞ്ചായത്തില്‍ പൂര്‍ണമായും വെള്ളക്കെട്ടിലായ നാല് കുടുംബംഗളെ മാറ്റി പാര്‍പ്പിച്ചു.
തീരദേശ പ്രദേശമായ ആലപ്പാട്,ചെറിയഴീക്കല്‍, അഴീക്കല്‍,ആലുംപീടിക,ആലുംകടവ്,വള്ളിക്കാവ് എന്നീ പ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് കടല്‍കയറ്റമുണ്ടായതിനാല്‍ നിരവധി വീടുകളില്‍ വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് താലൂക്കിലെ മിക്ക പ്രദേശങ്ങളിലും നിരവധി മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനിന് മുകളിലേക്ക് വീണ് വൈദ്യുതി പോസ്റ്റുകള്‍ തകരുകയും ലൈനുകള്‍ പൊട്ടുകയും ചെയ്തു. ഇതുമൂലം വൈദ്യുതി ബന്ധവും താറുമാറായി.ശക്തമായ കാറ്റില്‍ പല വീടുകളുടെ മുകളിലേക്കും മരങ്ങള്‍ കടപുഴകി വീണതിനാല്‍ നിരവധി വീടുകള്‍ ഭാഗീകമായി തകര്‍ന്നു. പലയിടങ്ങളിലും മരം കടപുഴകി വീണതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായി. കുലശേഖരപുരം ആനന്ദ ജംഗഷന് സമീപം മീനത്തേരിഭാഗത്ത് മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഇലക്ട്രിക്ക് പോസ്റ്റ് ഒടിഞ്ഞ് പോവുകയും ലൈനുകള്‍ പൊട്ടി പോവുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായി.
പല പ്രദേശങ്ങളിലും മരങ്ങള്‍ കടപുഴകി റോഡുകളിലേക്ക് വീണതിനാല്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി.ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

RELATED STORIES

Share it
Top