കരുനാഗപ്പള്ളിയില്‍ കുട്ടികളുടെ ഗ്രീഷ്‌മോല്‍സവം തുടങ്ങികരുനാഗപ്പളളി:കുട്ടികളോടൊത്ത് കൂടാം, വൃത്തിയുളള ലോകമൊരുക്കാം’എന്ന സന്ദേശവുമായി ശുചിത്വമിഷന്‍ ഗ്രീഷ്‌മോല്‍സവം കരുനാഗപ്പളളി നഗരസഭയില്‍ തുടങ്ങി. കരുനാഗപ്പളളി യുപിജിഎസിലാണ് ക്യാംപ്. നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന മൂന്ന് ക്യാംപുകളില്‍ ആദ്യത്തേതാണിത്. കുട്ടികളിലൂടെ നാടിനെ ശുചിത്വമുളളതാക്കി മാറ്റുവാനും മാലിന്യ സംസ്‌കരണം  അവനവന്റെ ഉത്തരവാദിത്വമാണ് എന്ന സന്ദേശം പൊതു സമൂഹത്തിലെത്തിക്കുകയുമാണ് ശുചിത്വ മിഷന്‍ ക്യാംപിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ മാങ്ങാ ദിനമായിരുന്നു. മാങ്ങാ ദിനത്തില്‍ മാവില്‍ നിന്ന്എറിഞ്ഞിട്ട മാങ്ങ കുട്ടികള്‍ കടിച്ച് തിന്നു കൊണ്ട് ക്യാംപിന് തുടക്കമായി. തുടര്‍ന്ന് പൊതു ജനങ്ങളെ ക്യാംപിലേക്ക് ക്ഷണിച്ചുളള വിളംബര റാലി നഗരത്തില്‍ നടന്നു. രണ്ടാം ദിനം തേങ്ങാ ദിവസമാണ്. ഈ ദിനം കുട്ടികള്‍ക്ക് കരിക്ക് നല്കിയാണ് ആരംഭിക്കുന്നത്. തേങ്ങാ ഉള്‍പ്പെടുത്തിയ വിഭവങ്ങളാകും കുട്ടികള്‍ക്ക് ഭക്ഷണമായി നല്‍കുക. മൂന്നാം ദിവസമായ വ്യാഴാഴ്ച ചക്ക ദിനമാണ്. പഴുത്ത വരിക്കച്ചക്ക കുട്ടികള്‍ക്ക് കഴിക്കാനായി നല്‍കും. വിവിധ തരത്തിലുളള ചക്ക വിഭവങ്ങളും ചക്ക ഉപ്പേരിയും വിളമ്പും.കുട്ടികള്‍ക്ക് പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ച് പുനര്‍ നിര്‍മിക്കുന്നതില്‍ പരിശീലനം ക്യാംപിലൂടെ നല്‍കും. നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ ജനകീയ കൂട്ടായ്മകളിലേക്ക് ഗ്രൂപ്പുകളായി എത്തുന്ന വിദ്യാര്‍ഥികള്‍ മാലിന്യ സംസ്‌കരണ രീതികള്‍ പൊതു ജനങ്ങളുമായി പങ്കു വയ്ക്കും. കുട, ബാഗുകള്‍ എന്നിവ സ്വയം റിപ്പയര്‍ ചെയ്യുന്നതിനുളള പരിശീലനവും കുട്ടികള്‍ക്ക് നല്കും. കൂടുതല്‍ പ്രകൃതി സൗഹൃദ ജിവീതവഴി കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുകയും ക്യാംപിന്റെ ലക്ഷ്യമാണ്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം ശോഭന ഉദ്ഘാടനം ചെയ്തു.ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററായ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ജി കൃഷ്ണകുമാര്‍ ക്യാമ്പ് ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സുബൈദാ കുഞ്ഞുമോന്‍, മഞ്ചു, വസുമതി, നഗരസഭ അംഗങ്ങളായ എന്‍ സി ശ്രീകുമാര്‍, ആര്‍ രവീന്ദ്രന്‍പിളള, സി വിജയന്‍പിളള, വിജയഭാനു എം കെ, ഗോപിനാഥപണിക്കര്‍, ശക്തികുമാര്‍, നസീം, ശാലിനി, അജിതകുമാരി, ബി രമണിയമ്മ, എസ് ജയന്‍, ഹെഡ്മിസ്ട്രസ് ആര്‍ ശോഭ, ശുചിത്വ മിഷന്‍ ആര്‍ പി മാരായ സി ശ്രീകുമാര്‍, പ്രവീണ്‍ മനയ്ക്കല്‍ എന്നിവര്‍ ക്യാംപിനും  ഘോഷയാത്രയ്ക്കും നേതൃത്വം നല്‍കി.

RELATED STORIES

Share it
Top