കരുത്തര്‍ ഇന്ന് മുഖാമുഖം

മോസ്‌കോ: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ദിനമായ ഇന്ന് ജി ഗ്രൂപ്പിലെ കരുത്തരായ ഇംഗ്ലണ്ടും ബെല്‍ജിയവും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. ആദ്യ രണ്ടു മല്‍സരവും വെന്നിക്കൊടി നാട്ടിയ ഇരു

ടീമും തമ്മില്‍ പോരടിക്കുമ്പോള്‍ ഒരേയൊരു ലക്ഷ്യം മാത്രമേ ഇവര്‍ക്കുള്ളൂ. ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരുമായി മാറ്റുരയ്ക്കുക.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനും ഇന്നു കല്ലിനിഗര്‍ സ്റ്റേഡിയം സാക്ഷിയാവും. ഈഡന്‍ ഹസാര്‍ഡ്, വിന്‍സെന്റ് കംപാനി, റൊമേല ലുക്കാക്കു, കെവിന്‍ ഡി ബ്രുയിന്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ ബെല്‍ജിയത്തിന്റെ പകുതിയില്‍ നിന്ന് പന്ത് തട്ടുമ്പോള്‍ ഹാരി കെയ്ന്‍, ഡെലെ അലി, മാര്‍കസ് റാഷ്‌ഫോര്‍ഡ്, റഹീം സ്റ്റെര്‍ലിങ്, ജാമി വാര്‍ഡി എന്നിവര്‍ ഇംഗ്ലണ്ട് നിരയിലുമുണ്ടാവും.
ഫിഫ റാങ്കിങില്‍ ബെല്‍ജിയം മൂന്നാം സ്ഥാനത്താണെങ്കിലും 13ാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ യുവനിരക്കരുത്ത് അപാരമാണ്. ചെറു ടീമായ തുണീസ്യയും പാനമയും നിലയുറപ്പിച്ച ഗ്രൂപ്പിലെ വമ്പന്‍ സ്രാവുകള്‍ തമ്മിലുള്ള പോരാട്ടമെന്നും ഇതിനെ വിശേഷിപ്പിക്കാം. ഗോള്‍വേട്ടക്കാരില്‍ ആദ്യ രണ്ടു സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നും ബെല്‍ജിയത്തിന്റെ റോമലു ലുക്കാക്കുവും കലിനിഗ്രാഡില്‍ ഗോളടിമേളം തന്നെ കാഴ്ചവയ്ക്കുമോ എന്നും ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നു.
ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ഹാരി കെയ്ന്‍ നയിക്കുന്ന ഇംഗ്ലീഷ് നിരയില്‍ യുവതാരവും പരിചയസമ്പന്നരായ സീനിയര്‍ നിരയും അണിനിരക്കുന്നതിനാല്‍ ഇംഗ്ലണ്ടിനും വിജയപ്രതീക്ഷയുണ്ട്. കൂടാതെ ലോകത്തെത്തന്നെ ഏറ്റവും മികച്ച ക്ലബ് പോരിലൊന്നായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കളിച്ചവരാണ് ഇംഗ്ലണ്ട് നിരയില്‍ ഏറെയും എന്നതാണ് ടീമിന്റെ മറ്റൊരു സവിശേഷത. റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ കീഴിലുള്ള ബെല്‍ജിയത്തില്‍ പ്രതിരോധം കാക്കാന്‍ തിബൗട്ട് കോര്‍ട്ടോയിസും ജാന്‍ വെര്‍ട്ടംഗനും അണിനിരക്കുമ്പോള്‍ പ്രീമിയര്‍ ലീഗിലെ ഗോള്‍വേട്ടക്കാരില്‍ ഒരാളായ കെവിന്‍ ഡി ബ്രുയിനും ഈഡന്‍ ഹസാര്‍ഡും ലുക്കാക്കുവുവിലുമാണ് മുന്നേറ്റത്തിന്റെ കൂടുതല്‍ പ്രതീക്ഷ.
ഗോള്‍ ശരാശരിയിലും ഈ രണ്ടു ടീമും ഒപ്പത്തിനൊപ്പമാണ്. ആദ്യ മല്‍സരത്തില്‍ തുണീസ്യക്കെതിരേ 2-1ന്റെ ജയം മാത്രം സ്വന്തമാക്കിയ ഇംഗ്ലണ്ട്  രണ്ടാം മല്‍സരത്തില്‍ ക്യാപ്റ്റന്റെ ഹാട്രിക് ഗോള്‍ മികവില്‍ പാനമയെ  6-1ന് തറപറ്റിച്ചു. എന്നാല്‍, പാനമയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പാപ്പരാക്കിയ ബെല്‍ജിയം രണ്ടാം മല്‍സരത്തില്‍ തുണീസ്യയെ 5-2നു മുട്ടുകുത്തിച്ചാണ് പ്രീക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തുപോയ തുണീസ്യയും പാനമയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയിക്കുന്ന ടീമിന് ആശ്വാസജയത്തോടെ നാട്ടിലേക്കു മടങ്ങാം.
എന്നാല്‍, 2014ലെ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പോരാട്ടം അവസാനിച്ച ബെല്‍ജിയം നിലവിലെ സ്ഥിതി മെച്ചപ്പെടുത്താനുള്ള പുറപ്പാടിലാണ്. ഗ്രൂപ്പ് ചാംപ്യന്‍മാരാകാനാണ് ബെല്‍ജിയത്തിന്റെ ശ്രമം.

RELATED STORIES

Share it
Top