കരുതലിന്റെ പ്രതീകം; പാത്തുമ്മയെ കാണാന്‍ കലക്ടര്‍ വീട്ടിലെത്തി

കോഴിക്കോട്: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഭക്ഷണ സാധനം എത്തിക്കാന്‍ ജില്ലാ കലക്ടറുടെ അഭ്യര്‍ഥന പത്രത്തില്‍ വായിച്ച് പാലാഴിയിലെ പത്താം ക്ലാസുകാരന്‍ മുഹമ്മദ് ഫഹദ് താന്‍ സൂക്ഷിച്ചു വച്ച മണ്‍ കുടുക്കയിലെ നാണയത്തുട്ടുകളെല്ലാം ഉമ്മ ഫാത്തിമയുടെ കൈയില്‍ കൊടുക്കുമ്പോള്‍ അത് വലിയ കാര്യമാണെന്ന് അവന്‍ കരുതിയതേയില്ല. ആ നാണയ തുട്ടുകള്‍ ചേര്‍ത്ത് ഉമ്മ ബിസ്‌കറ്റും അരി പൊടിയും വാങ്ങി മാനാഞ്ചിറ ഡിടിപിസി ഹാളിലെ കൗണ്ടറിലെത്തുമ്പോള്‍ ജില്ലാ കലക്ടര്‍ യുവി ജോസ് അത് സ്വീകരിച്ചു.
മകന്റെ സ്‌നേഹ സമ്മാനമാണെന്നറിഞ്ഞപ്പോള്‍ കലക്ടര്‍ അവരെ ആഗ്ലേഷിച്ചു. കോഴിക്കോടിന്റെ നമയുടെ വഴിയില്‍ ഒരു പൂമരം പോലെ നില്‍ക്കുന്ന പാത്തുമ്മയെ പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വായിച്ച് നിരവധിയാളുകള്‍ ഭക്ഷ്യവസ്തുക്കളുമായെത്തി. ഒമ്പത് ലോറി ഭക്ഷ്യവസ്തുക്കള്‍ ദുരിതബാധിത സ്ഥലങ്ങളിലേക്ക് കോഴിക്കോടിന്റെ സ്‌നേഹ സമ്മാനമായി അയച്ചു. ഉദാഹരണങ്ങളില്ലാത്ത ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ജില്ലാ കലക്ടര്‍ ഇന്നലെ പാത്തുമ്മയുടെ വീട്ടിലെത്തുമ്പോള്‍ അധികം ആരുമറിഞ്ഞിരുന്നില്ല. ഫഹദിനെ കണ്ട് കലക്ടര്‍ വാല്‍സല്യത്തോടെ തലോടി. മിടുക്കനായി പഠിക്കാന്‍ ഉപദേശിച്ചു.
അപ്പോഴേക്കും കലക്ടറുടെ വാഹനം പാത്തുമ്മയുടെ വീട്ടിനു മുന്നില്‍ കണ്ട് പരിസരവാസികളെല്ലാം ഓടി കുടി. “മോനെ ഒരാള്‍ക്കുള്ള ഭക്ഷണം പത്താള്‍ക്ക് തിന്നാം, പത്താള്‍ക്കുള്ള ഭക്ഷണം ഒരാള്‍ക്ക് പറ്റൂലല്ലോ. അതേ ഞമ്മള് ചെയ്തിട്ടുള്ളൂ.. “ അനാഥരുടെ മയ്യത്ത് കുളിപ്പിക്കാനും ആരോരുമില്ലാത്തവര്‍ക്ക് അത്താണിയാവാനും പാത്തുമ്മ എന്നും മുന്നിലുണ്ടാകും.
വയനാട്ടിലെ ആദിവാസി കുടിലുകളിലും പാത്തുമ്മ കുടുംബക്കാരെ എല്ലാം കൂട്ടി അരിയും ഈക്ക ചെമ്മീനും പലഹാരങ്ങളുമായി പോവുന്ന പതിവുണ്ട്. ഇതെല്ലാം കണ്ടാണ് ഫഹദും കുടുക്ക പൊട്ടിക്കാന്‍ തയ്യാറായത്.

RELATED STORIES

Share it
Top