കരിപ്പൂര്‍: ശൈത്യകാല ഷെഡ്യൂളില്‍ വലിയ വിമാനങ്ങളില്ല

കരിപ്പൂര്‍: വലിയ വിമാന സര്‍വീസുകളും അധികവിമാനങ്ങളുമില്ലാതെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദേശ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ കരിപ്പൂരില്‍ നിന്നുള്ള സര്‍വീസുകള്‍ക്കു മാറ്റങ്ങളില്ല. അതേസമയം, കൊച്ചിയില്‍ നിന്ന് മധുര വഴി സിംഗപ്പൂരിലേക്കുള്ള വിമാന സര്‍വീസ് ബംഗളൂരു വഴിയാക്കി മാറ്റി. ആഴ്ചയില്‍ നാലു സര്‍വീസാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈ വിധത്തില്‍ ക്രമീകരിച്ചത്. നിലവില്‍ മൂന്ന് സര്‍വീസുകളും മധുര വഴിയാണ്. പുതിയ ഷെഡ്യൂളില്‍ വിമാനസമയങ്ങളില്‍ ചെറിയ മാറ്റങ്ങളാണുള്ളത്. സൗദി എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം സര്‍വീസ് ശൈത്യകാല ഷെഡ്യൂളില്‍ നിന്നു പിന്‍വലിച്ചിട്ടില്ല. ആയതിനാല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കരിപ്പൂര്‍-ജിദ്ദ സര്‍വീസ് ഇതുവരെ ഷെഡ്യൂളില്‍ ഇല്ല. കഴിഞ്ഞ ആഗസ്ത് ആദ്യം സൗദി വിമാനത്തിന് ജിദ്ദയിലേക്ക് അനുമതി ലഭിച്ചെങ്കിലും തിരുവനന്തപുരം സര്‍വീസ് ഉപേക്ഷിച്ച് കരിപ്പൂരില്‍ സര്‍വീസ് നടത്താന്‍ അവര്‍ തയ്യാറല്ല. തിരുവനന്തപുരം നിലനിര്‍ത്തി കരിപ്പൂരില്‍ പുതിയ സ്റ്റേഷന്‍ വേണമെന്നാവശ്യപ്പെട്ട സൗദിയുടെ അപേക്ഷയ്ക്ക് വ്യോമയാനമന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അടുത്ത മാര്‍ച്ച് വരെ തിരുവനന്തപുരം സെക്റ്ററിലേക്ക് സൗദി വിമാന ടിക്കറ്റ് ബുക്കിങ് നിലനിര്‍ത്തിയിട്ടുണ്ട്. വ്യോമയാനമന്ത്രാലയം കനിഞ്ഞാലും ഡിസംബറിലേ സൗദിക്ക് സര്‍വീസ് തുടങ്ങാന്‍ കഴിയുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. ഡിസംബറില്‍ ഇന്ത്യയും സൗദിയും തമ്മില്‍ ഉഭയകക്ഷി കരാര്‍ പുതുക്കും. ഇരുരാജ്യങ്ങളുടെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ തമ്മിലാണ് കരാര്‍ ഒപ്പുവയ്ക്കുന്നത്. കരാറുകളുടെ അടിസ്ഥാനത്തിലാണ് രാജ്യാന്തര വിമാനങ്ങള്‍ക്ക് പറക്കല്‍ അനുമതി നല്‍കുക. കരാര്‍പ്രകാരം കൂടുതല്‍ സര്‍വീസുകള്‍ ലഭ്യമായാല്‍ കരിപ്പൂര്‍ സര്‍വീസ് വേഗത്തില്‍ തുടങ്ങാനാവും. എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍-ജിദ്ദ ജെംബോ സര്‍വീസിന് പരിശോധന പൂര്‍ത്തിയായെങ്കിലും വ്യോമയാനമന്ത്രാലയത്തിന് അനുമതിക്കായി സമര്‍പ്പിച്ചിട്ടില്ല. ഇതോടെ എയര്‍ ഇന്ത്യയുടെ സര്‍വീസും പുതിയ ഷെഡ്യൂളില്‍ ഇടംനേടിയിട്ടില്ല. രണ്ടു വിമാനക്കമ്പനികളും ശൈത്യകാല ഷെഡ്യൂളില്‍ ഇടംനേടാന്‍ ശ്രമിച്ചെങ്കിലും എയര്‍ ഇന്ത്യയുടെ നടപടികളുടെ മെല്ലെപ്പോക്കും സൗദിയുടെ അധിക ലാഭപ്രതീക്ഷയുമാണു തിരിച്ചടിയായത്.

RELATED STORIES

Share it
Top