കരിപ്പൂര്‍ വിമാനത്താവളംകസ്റ്റംസും എയര്‍പോര്‍ട്ട് അതോറിറ്റിയും തമ്മില്‍ പോര് മുറുകുന്നു

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും എയര്‍ കസ്റ്റംസും തമ്മിലുള്ള പോര് മുറുകുന്നു. ഇരുവിഭാഗവും പരസ്പരം ആരോപണങ്ങളുമായി രംഗത്തുവന്നതോടെ ഇവര്‍ തമ്മിലുള്ള പടലപ്പിണക്കം മറനീക്കി പുറത്തുവന്നു. കസ്റ്റംസ് ഹാളിലെ സിസിടിവി കാമറകള്‍ നീക്കംചെയ്തതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കം.
സുരക്ഷയുടെ ഭാഗമായാണു കാമറകള്‍ നീക്കംചെയ്തതെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. എന്നാല്‍, കാമറകള്‍ മാറ്റിയതോടെ യാത്രക്കാര്‍ക്കുനേരെ കസ്റ്റംസിന്റെ പീഡനങ്ങള്‍ വര്‍ധിക്കുന്നതായി ആക്ഷേപം ഉയര്‍ന്നു. ഇതിനിടെ കസ്റ്റംസ് ഹാളിലെ ഗ്ലാസ് ചുമരുകളിലെല്ലാം പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്തു. ശുചീകരണത്തിന് തൊഴിലാളികള്‍ക്ക് പോലും കസ്റ്റംസ് ഹാളിലേക്കു പ്രവേശനം നിഷേധിച്ചതോടെ ശുചിമുറികളും വൃത്തിഹീനമായി. കസ്റ്റംസ് പരിശോധനയുടെ സ്വകാര്യതയ്ക്ക് ഭംഗംവരാതിരിക്കാനും കള്ളക്കടത്ത് തടയാനുമാണ് നിയന്ത്രണങ്ങളും പരിഷ്‌കാരങ്ങളും കൊണ്ടുവന്നതെന്ന് കസ്റ്റംസ് പറയുന്നു. യാത്രക്കാര്‍ക്ക് സുരക്ഷയും എളുപ്പത്തില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കാനുമാണ് വിമാനത്താവള കസ്റ്റംസ് ഹാളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്.
ബാഗില്‍ നിന്നും മറ്റും യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നത് കണ്ടെത്താന്‍ സിസിടിവി കാമറകള്‍ വഴി സാധ്യമാവും. പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറും സ്‌കാനിങ് മെഷീനും അടക്കം സ്ഥാപിച്ചത്. എന്നാല്‍ ഇത് എടുത്തുമാറ്റിയതോടെ കസ്റ്റംസ് ഹാളില്‍ തിരക്ക് കൂടുകയും യാത്രക്കാര്‍ പുറത്തിറങ്ങാന്‍ വൈകുകയും ചെയ്യുന്നു. ഇതുസംബന്ധിച്ച് യാത്രക്കാരുടെ പരാതികള്‍ വര്‍ധിക്കുന്നതായും അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. കസ്റ്റംസിന് പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങള്‍ വിമാനത്താവള അതോറിറ്റി ഒരുക്കുന്നില്ലെന്ന ആരോപണവുമായി കഴിഞ്ഞദിവസം കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ പരസ്യമായി രംഗത്തുവന്നു.
എന്നാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു ആരോപണം പൂര്‍ണമായും നിഷേധിച്ചതോടെ പ്രശ്‌നം ഉന്നത തലങ്ങളിലെത്തി. കസ്റ്റംസിന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുന്നതിന് അതോറിറ്റി ചെയര്‍മാനോട് അനുമതി വാങ്ങി രംഗത്തുവരാനിരിക്കുകയാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍. കസ്റ്റംസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചീഫ് കസ്റ്റംസ് കമ്മീഷണര്‍ പി എന്‍ റാവുവിനെ വിവരം അറിയിച്ചിട്ടുമുണ്ട്.

RELATED STORIES

Share it
Top