കരിപ്പൂര്‍ വിമാനത്താവളത്തോട് കടുത്ത അവഗണന: രമേശ് ചെന്നിത്തല

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തോട് കടുത്ത അവഗണനയാണ് ബന്ധപ്പെട്ടവര്‍ കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്തിനു ശേഷം രണ്ടാമതായി ആരംഭിച്ച വിമാനത്താവളമാണ് കോഴിക്കോട്ടില്‍. എന്നാല്‍ അതിനു ശേഷം നിര്‍മിച്ച കൊച്ചി വിമാനത്താവളത്തിന്റെ പുരോഗതിയുമായി തട്ടിച്ചുനോക്കുമ്പോള്‍ കടുത്ത അവഗണനയാണ് കരിപ്പൂരിനുണ്ടായിട്ടുള്ളത്.
ഇവിടെ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ എം കെ രാഘവന്‍ എംപി നടത്തിയ 24 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.  കണ്ണൂരിലും ശബരിമലയിലും അടക്കം എത്ര വിമാനത്താവളങ്ങള്‍ വന്നാലും അത് കരിപ്പൂരിന്റെ വികസനത്തിന് തടസ്സമല്ല. അത്‌കൊണ്ട്തന്നെ കരിപ്പൂരിനോടുള്ള അവഗണന മാറ്റിയെടുക്കാനായി ഡല്‍ഹിയില്‍ പോയി പ്രതിപക്ഷ നേതാവെന്ന നിലയില്‍ എംപിമാരോടൊപ്പം കേന്ദ്ര വ്യോമയാന മന്ത്രിയെ കാണുമെന്നും ചെന്നിത്തല അറിയിച്ചു. വലിയ വിമാനങ്ങളുടെ സര്‍വ്വീസും ഹജ്ജ് എംബാര്‍ക്കേഷനും അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഉപവാസം വ്യാഴാഴ്ച രാവിലെ പി കെകുഞ്ഞാലിക്കുട്ടി എംപിയാണ് ഉദ്ഘാടനം ചെയ്തത്. .
ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ തന്നെ അറിയിച്ചതെന്ന് സമാപന പരിപാടിയില്‍ എം കെരാഘവന്‍ എംപി  വ്യക്തമാക്കി. ഇല്ലെങ്കില്‍ ആഗസ്ത് രണ്ട് മുതല്‍ വിമാനത്താവളത്തില്‍ അനിശ്ചിത കാല നിരാഹാരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എം ഐ ഷാനവാസ് എംപി, എയര്‍ ഇന്ത്യ മാനേജറായിരുന്ന മുത്തുകോയ, ലീഗ് നേതാക്കളായ ഉമര്‍ പാണ്ടികശാല, എന്‍ സി അബൂബക്കര്‍, ടി പി എം ഹിഷാം, ഡിസിസി പ്രസിഡന്റ് അഡ്വ.ടി സിദ്ദീഖ്, മുന്‍ പ്രസിഡന്റ് കെ സി അബു, പി വി ഗംഗാധരന്‍,രാമചന്ദ്രന്‍ മാസ്റ്റര്‍, ഇ വി ഉസ്മാന്‍ കോയ, റിയാസ് മുക്കോളി, പി മൊയ്തീന്‍ മാസ്റ്റര്‍, ഡോ.കെ മൊയ്തു, അഡ്വ.കെ പ്രവീണ്‍കുമാര്‍ , എന്‍ കെ അബ്ദുറഹ്മാന്‍, നാസര്‍ ഫൈസി കൂടത്തായി സംസാരിച്ചു.

RELATED STORIES

Share it
Top