കരിപ്പൂര്‍ വിമാനത്താവളത്തിനെതിരേയുള്ള നീക്കം അപലപനീയം: ഐഎന്‍എല്‍ ഡെമോക്രാറ്റിക്‌

കോഴിക്കോട്: മലബാറിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികളും മറ്റും ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്രസര്‍ക്കാറും എയര്‍പോര്‍ട്ട് അതോറിറ്റിയും തുടരുന്ന അവഗണന പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് ഐഎന്‍എല്‍ ഡമോക്രാറ്റിക് സംസ്ഥാന പ്രസിഡണ്ട് അഷ്‌റഫ് പുറവൂറും ജനറല്‍ സെക്രട്ടറി കരിം പുതുപ്പാടിയും പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ വന്‍ ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നു. പൊതുമേഖലയില്‍ വളരെയധികം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിമാനത്താവളം ചിലരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി തകര്‍ക്കുവാന്‍  കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്.
രാജ്യത്ത് ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ ആറാം സ്ഥാനത്താണ് കരിപ്പൂര്‍ വിമാനത്താവളം. വലിയ വിമാനക്കമ്പനികള്‍ സര്‍വ്വീസ് ആരംഭിച്ചതോടെയാണ് കരിപ്പൂര്‍ ശ്രദ്ദേയമായത്. കോഡ് ഇ ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ നിരോധിച്ചത് കാരണം യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായി കുറവുണ്ടായി. ചരക്കുനീക്കങ്ങളും നിലച്ചു.
റണ്‍വേ അറ്റകുറ്റപ്പണിയുടെ പേരിലാണ് വലിയ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിനും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കുന്നതിനും കേന്ദ്രസര്‍ക്കാറും ബന്ധപ്പെട്ട അധികാരികളും ഇടപെടണം.
വിമാനത്താവളം ഘട്ടം ഘട്ടമായി ഇല്ലായ്മ ചെയ്യുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സമാന ചിന്താഗതിക്കാരൊടൊപ്പം ശക്തമായ ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും ഇവര്‍ പറഞ്ഞു.

RELATED STORIES

Share it
Top