കരിപ്പൂര്‍ വിമാനത്താവളം നിയന്ത്രിച്ചത് വനിതകള്‍

കരിപ്പൂര്‍: ലോക വനിതാദിനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം സ്ത്രീകള്‍ ഏറ്റെടുത്തു. രണ്ടു വിമാനങ്ങളും വിമാന സര്‍വീസുകളുടെ എയര്‍ട്രാഫിക് കണ്‍ട്രോളും നിയന്ത്രിച്ചത് വനിതകളായിരുന്നു. യാത്രക്കാരികളേയും വിമാനത്താവളത്തിലെ മുഴുവന്‍ ജീവനക്കാരികളേയും ചേര്‍ത്താണ് എയര്‍പോര്‍ട്ട് അതോറിറ്റി വനിതാ ദിനം ആഘോഷിച്ചത്.    എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ദുബയ്, അബൂദബി വിമാനങ്ങളാണ് ഇന്നലെ പൂര്‍ണമായും വനിതകള്‍ നിയന്ത്രിച്ചത്.
എയര്‍ഇന്ത്യ എക്‌സ്പ്രസ് കരിപ്പൂര്‍ ഉള്‍പ്പടെ ഇന്നലെ എട്ട് സര്‍വീസുകള്‍ ഏഴു വിമാനത്താവളങ്ങളില്‍ നിന്നായി വനിതകള്‍ നിയന്ത്രിച്ചു. കരിപ്പൂരിലെ വിമാന സര്‍വീസുകളുടെ നിയന്ത്രണമുള്ള എയര്‍ട്രാഫിക് കണ്‍ട്രോളും, കമ്മ്യൂണിക്കേഷന്‍ ആന്റ് നാവിഗേഷനും ഇന്നലെ പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തിലായിരുന്നു. എടിസിയാണ് വിമാന ലാന്റിങ് അടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളില്‍ 12 വനിതകളാണ് എടിസിയുടെ ചുമതലയേറ്റടുത്തത്. കരിപ്പൂരിലെത്തിയ വനിതാ യാത്രക്കാരികളെ റോസാപ്പൂവ് നല്‍കി ഇന്നലെ അതോറിറ്റി സ്വീകരിച്ചു. വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന കേന്ദ്ര സുരക്ഷാ സേന, വിവിധ വിമാന കമ്പനി ജീവനക്കാരികള്‍, ശുചീകരണ തൊഴിലാളികളടക്കമുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തി പൊതു ആരോഗ്യവും ജീവിതശൈലികളും എന്ന വിഷയത്തില്‍ ആരോഗ്യ ക്ലാസ്സ് സംഘടിപ്പിച്ചു. യാത്രക്കാരി കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ.അഞ്ചലി, ഡോ.എലിസബത്ത് എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. ത്രേസ്യാമ്മ ജോസഫ്, അന്‍ജുനായര്‍, തെരാസ ബിജു, ആഷ സംസാരിച്ചു.

RELATED STORIES

Share it
Top