കരിപ്പൂര്‍: വലിയ വിമാനങ്ങളും ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രവും പുനസ്ഥാപിക്കണം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനും  ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കുന്നതുമായും ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിരമായി  ഇടപെടണമെന്നാവശ്യപ്പെട്ട്  എം കെ രാഘവന്‍ എംപിയുടെ നേതൃത്വത്തില്‍  ഇന്നു 24 മണിക്കൂര്‍  ഉപവാസം ആരംഭിക്കും.
രാവിലെ 9  മണി മുതല്‍ നാളെ രാവിലെ 9 വരെ മാനാഞ്ചിറ പബ്ലിക്ക് ലൈബ്രറി പരിസരത്ത് നടക്കുന്ന ഉപവാസസമരം പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും.  എം കെ മുനീര്‍ എംഎല്‍എ മുഖ്യാതിഥിയാകും. നാളെ സമാപനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ മുരളീധരന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തുമെന്നും യുഡിഎഫ് ഭാരവാഹികള്‍  അറിയിച്ചു.  24ന് സംസ്ഥാനത്ത് എത്തുന്ന എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാനെ യുഡിഎഫ് പ്രതിനിധികള്‍ നേരിട്ട് കണ്ട് കരിപ്പൂര്‍ വിമാനത്താവളവത്തിന്റെ പ്രശ്‌നങ്ങള്‍ നേരിട്ടു ബോധിപ്പിക്കും. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയുന്നതിനു പിന്നില്‍ ഗൂഢാലോചനകളാണുള്ളത്.
മലബാറിലെ ലക്ഷകണക്കിന് സാധാരണക്കാരായ പ്രവാസികള്‍ ആശ്രയിക്കുന്ന വിമാനത്താവളമാണ് കരിപ്പൂര്‍. എന്നാല്‍ കരിപ്പൂരിനോട് നിഷേധാത്മകമായ സമീപനമാണ് കേന്ദ്രസര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റിയും ഡിജിസിഎയും  സ്വീകരിക്കുന്നത്. പൊതുമേഖലയില്‍  ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളം അദൃശ്യ ശക്തികളുടെ സ്ഥാപിത താല്‍പര്യത്തിനു വേണ്ടി ഇല്ലായ്മ ചെയ്യാന്‍ അനുവദിക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. വലിയൊരു അപകടം നടന്ന മംഗലാപുരത്തിന് പോലും ഹജ്ജ് എംബാര്‍ക്കേഷനും വിമാനങ്ങള്‍ക്കിറങ്ങാന്‍ അനുമതിയും നല്‍കുന്ന അധികൃതര്‍ കോഴിക്കോടിനെ അവഗണിക്കുകയാണ്.
ഇതിന് പിന്നില്‍ ചില ഗൂഢശക്തികളുണ്ട്. വിമാനത്താവളത്തെ ഘട്ടം ഘട്ടമായി ഇല്ലായ്മ ചെയ്യാനുള്ള  നീക്കങ്ങളും ചെറുത്തു തോല്‍പ്പിക്കും. ഉപവാസം ഒന്നാംഘട്ടമാണന്നും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രണ്ടാംഘട്ടമായി കരിപ്പൂര്‍ വിമാനത്താവളത്തിനു മുന്നില്‍ അനശ്ചിതകാല നിരാഹാരമനുഷ്ഠിക്കുമെന്നും യു ഡിഎഫ് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജില്ലാ കണ്‍വീനര്‍ എം എ റസാഖ് മാസ്റ്റര്‍, കേരള കോണ്‍ഗ്രസ്(എം) ജില്ലാ സെക്രട്ടറി ബാബുരാജ്, കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് വീരാന്‍കുട്ടി, സിഎംപി ജില്ലാ സെക്രട്ടറി ജി നാരായണന്‍കുട്ടി  പങ്കെടുത്തു.

RELATED STORIES

Share it
Top