കരിപ്പൂര്‍ : നഷ്ടം 4.6 കോടികരിപ്പൂര്‍: യാത്രക്കാര്‍ വര്‍ധിച്ചിട്ടും കരിപ്പൂര്‍ വിമാനത്താവളത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.6 കോടിയുടെ നഷ്ടം. 2015-16 സാമ്പത്തിക വര്‍ഷത്തി ല്‍ കരിപ്പൂരില്‍ നിന്ന് 121.50 കോടി രൂപയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വരുമാനമായി ലഭിച്ചത്. എന്നാല്‍, ചെലവ് 122.85 കോടിയായിരുന്നു. 1.35 കോടി രൂപയുടെ നഷ്ടമാണുണ്ടായിരുന്നത്. എന്നാല്‍, 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 130.8 കോടി രൂപ വരുമാനം ലഭിച്ചെങ്കിലും ചെലവ് 135.4 കോടിയായി ഉയര്‍ന്നു. 4.6 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഗോ കയറ്റുമതി കരിപ്പൂരിലായിരുന്നു. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന 2015 വരെയുള്ള കാലയളവില്‍ 27,000 ടണ്‍ വരെ ചരക്കുനീക്കം നടന്നിരുന്ന കരിപ്പൂരില്‍ കഴിഞ്ഞ വര്‍ഷം 14,023 ടണ്‍ മാത്രമാണ് കാര്‍ഗോ കയറ്റുമതി നടന്നത്. തൊട്ടുമുമ്പുള്ള വര്‍ഷമിത് 13,354 ടണ്‍ ആയിരുന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 26,51,008 പേരാണ് കരിപ്പൂര്‍ വഴി യാത്രയായത്. ഇതില്‍ 22,11,108 പേര്‍ വിദേശയാത്രക്കാരും 4,39,980 പേര്‍ ആഭ്യന്തര യാത്രക്കാരുമാണ്. 2015-16ല്‍ 23.05 ലക്ഷം പേരാണ് കരിപ്പൂര്‍ വഴി യാത്രയായത്. ഇതില്‍ 19.39 ലക്ഷം വിദേശ യാത്രക്കാരും 3.66 ലക്ഷം ആഭ്യന്തര യാത്രക്കാരുമായിരുന്നു. വലിയ വിമാനങ്ങളുടെ പിന്മാറ്റവും ഹജ്ജ് സര്‍വീസ് ഇല്ലാതായതുമാണ് വരുമാനം കുറയാന്‍ ഇടയാക്കിയത്. 2015 ഏപ്രില്‍ 30നാണ് വലിയ വിമാനങ്ങള്‍ പിന്‍വലിച്ചത്. നിയന്ത്രണം തുടരുമ്പോഴും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലെ നേരിയ വര്‍ധന പ്രതീക്ഷയേകുന്നതായി വിമാനത്താവള ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണ പറഞ്ഞു.

RELATED STORIES

Share it
Top