കരിപ്പൂര്‍-ജിദ്ദ സര്‍വീസിനുള്ള സൗദി എയര്‍ലൈന്‍സ് റിപോര്‍ട്ട് കൈമാറി

കൊണ്ടോട്ടി: പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവില്‍ ജിദ്ദയിലേക്കു നേരിട്ടു സര്‍വീസ് നടത്തുന്നതിനായി സൗദി എയര്‍ലൈന്‍സ് സമര്‍പ്പിച്ച റിപോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവി ല്‍ ഏവിയേഷന് (ഡിജിസിഎ) എയര്‍പോര്‍ട്ട് അതോറിറ്റി കൈമാറി. രണ്ടു മാസം മുമ്പ് സമര്‍പ്പിച്ച റിപോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹി കേന്ദ്ര കാര്യാലയത്തില്‍ തടഞ്ഞിട്ടതായിരുന്നു. ഇതിനിടെ ജനപ്രതിനിധികളും സംഘടനകളും പ്രത്യക്ഷ സമരത്തിന് ഇറങ്ങിയതോടെയാണു റിപോര്‍ട്ട് ഇന്നലെ ഡിജിസിഎയ്ക്ക് കൈമാറിയത്. രണ്ടു മാസം മുമ്പാണ് ജിദ്ദ സര്‍വീസ് നടത്തുന്നതിനായി ഡിജിസിഎയിലെ ഫ്‌ളൈറ്റ് ഓപറേറ്റിങ് ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് റിപോര്‍ട്ട് തയ്യാറാക്കിയിരുന്നത്.
പുതിയ സര്‍വീസ് നടത്തിപ്പുക്രമം, സുരക്ഷ വിലയിരുത്തലടക്കമുള്ള റിപോര്‍ട്ട് പിന്നീട് സൗദി വിമാന കമ്പനി കരിപ്പൂര്‍ ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു. ഇതു കരിപ്പൂരില്‍ നിന്നും കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണു ഡല്‍ഹിയിലെ വിമാനത്താവള അതോറിറ്റി ആസ്ഥാനത്തേക്കു കൈമാറിയത്. എന്നാല്‍ റിപോര്‍ട്ട് ഡിജിസിഎയ്ക്ക് കൈമാറാതെ ചില ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയായിരുന്നു. 300 മുതല്‍ 400 പേര്‍ക്കു വരെ സഞ്ചരിക്കാവുന്ന ബി 777-200, ഇആര്‍, ബി 777-200 എല്‍ആര്‍, ബി 777-300 ഇആര്‍, എ 330-300, എ 330-300 ആര്‍, ബി 787 ഡ്രീം ലൈനര്‍ തുടങ്ങിയ വിമാനങ്ങളുടെ സര്‍വീസിന് കരിപ്പൂരിലെ റണ്‍വേ അനുയോജ്യമെന്നായിരുന്നു അതോറിറ്റിയുടെ പഠന റിപോര്‍ട്ട്. ഡിജിസിഎയുടെ അനുമതി ലഭിച്ചാല്‍ കരിപ്പൂരില്‍ നിന്നു സര്‍വീസ് നടത്താന്‍ കാലതാമസവും പ്രയാസങ്ങളുമില്ലെന്നും സൗദി എയര്‍ലൈന്‍സ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഴ്ചയില്‍ മുഴുവന്‍ ദിവസവും സര്‍വീസ് നടത്താനാണു സൗദി ഉദ്ദേശിക്കുന്നത്.

RELATED STORIES

Share it
Top