കരിപ്പൂരില്‍ 2.10 കോടിയുടെ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്ന് 2.10 കോടിയുടെ സ്വര്‍ണം ഡിആര്‍ഐ സംഘം പിടികൂടി. കൊയിലാണ്ടി മൊയാതീന്‍ പള്ളി റോഡ് വയലിലകത്ത് പുര ശരീജ് (36), വയനാട് വെള്ളമുണ്ട കുനിയില്‍ അബ്ദുള്‍ ജലീല്‍(31), കോഴിക്കോട് കൈതപ്പൊയില്‍ പുളിക്കല്‍ ഷാഫി (27) എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബൂദബി, ഇന്‍ഡിഗോ വിമാനത്തില്‍ ദുബയ് എന്നിവടങ്ങളില്‍ നിന്നാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘം മൂവരേയും കസ്റ്റഡിയിലെടുത്ത് ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. മിശ്രിതമായി കാലില്‍ കെട്ടിവച്ചാണ് സ്വര്‍ണം എത്തിച്ചിരുന്നത്.
12.5 കിലോ ഗ്രാമില്‍ നിന്നാണ് 7.3 കിലോ സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. ഇവയ്ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 2.10 കോടി വിലവരും.

RELATED STORIES

Share it
Top