കരിപ്പൂരില്‍ വീണ്ടും ഇടത്തരം വിമാനങ്ങള്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിലക്ക്‌

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇടത്തരം വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനായി സൗദി എയര്‍ലൈന്‍സ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലയം വീണ്ടും വിശദീകരണം തേടി. വിമാന ഇന്ധന ടാങ്കിന്റെ ശേഷി അനുസരിച്ച് മുഴുവന്‍ ഇന്ധനം നിറച്ച് മുഴുവന്‍ യാത്രക്കാരും കാര്‍ഗോയുമായി സര്‍വീസ് നടത്തുന്നതിന് ആവശ്യമായ ക്ഷമത കരിപ്പൂരിലെ റണ്‍വേക്ക് ഉണ്ടോയെന്ന് പരിശോധിക്കണമെന്നാണ് അതോറിറ്റി പുതിയ മുടന്തന്‍ന്യായം ഉന്നയിച്ചിരിക്കുന്നത്.
വിമാനം പറക്കുന്ന ദൂരത്തില്‍ നിന്ന് ഒരു മണിക്കൂര്‍ വരെ അധികം പറക്കാന്‍ ആവശ്യമായ ഇന്ധനം നിറച്ച് സര്‍വീസ് നടത്തിയാല്‍ മതിയെന്നു സൗദി എയര്‍ലൈന്‍സ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ജിദ്ദയില്‍ നിന്നു കരിപ്പൂരിലേക്ക് അഞ്ചു മണിക്കൂറിനുള്ളില്‍ വിമാനത്തിന് പറന്നെത്താന്‍ സാധിക്കും. ഈ ദൂരത്തേക്കാള്‍ ഒരു മണിക്കൂര്‍ അധികം സഞ്ചരിക്കുന്നതിനുള്ള ഇന്ധനമാണ് വിമാനത്തിലുണ്ടാവേണ്ടത്. നിശ്ചിതസമയത്ത് വിമാനത്തിന് ലാന്‍ഡിങ് തടസ്സപ്പെട്ടാല്‍ സമീപത്തുള്ള മറ്റു വിമാനത്താവളങ്ങളില്‍ പറന്നിറങ്ങാനുള്ള ഇന്ധനമാണ് ടാങ്കില്‍ നിക്ഷേപിക്കേണ്ടത്. എന്നാല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹി കേന്ദ്ര കാര്യാലയം 15 മണിക്കൂറിലധികം നേരിട്ടു സഞ്ചരിക്കാന്‍ സാധിക്കുന്ന വിമാനത്തില്‍ മുഴുവന്‍ ഇന്ധനം നിറച്ച് പറന്നിറങ്ങി പരീക്ഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കരിപ്പൂരിനോടുള്ള അവഗണനയാണ് ഇതിനു പിന്നില്‍.
സംഭവത്തില്‍ വിശദീകരണം നല്‍കുന്നതിനായി കരിപ്പൂര്‍ വിമാനത്താവളം ഡയറക്ടര്‍ കെ ശ്രീനിവാസ റാവു ഡല്‍ഹിയിലെത്തി. റണ്‍വേയുടെ കാര്യക്ഷമത അടക്കമുള്ള മറുപടി തയ്യാറാക്കിയാണു ഡയറക്ടര്‍ ഡല്‍ഹിയിലെത്തിയത്.

RELATED STORIES

Share it
Top